chelanam-

കൊച്ചി: സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് വ്യക്തമായതിനുശേഷം പിന്തുണ തീരുമാനിക്കാമെന്ന് ട്വന്റി 20 ചെല്ലാനം. സ്ഥാനാർത്ഥികളെ വിലയിരുത്തിയ ശേഷമേ പിന്തുണ തീരുമാനിക്കൂ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ പാർട്ടികളുമായും സ്വതന്ത്ര സ്ഥാനാർത്ഥികളുമായും ചർച്ച നടത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കാമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിളങ്ങിയ ട്വന്റി 20 യുടെ നയം.

വി ഫോ‌ർ കേരള പീപ്പിൾ പാർട്ടിയെ പിന്തുണയ്ക്കേണ്ടെന്നാണ് തീരുമാനം. ചെല്ലാനം കടൽഭിത്തി നിർമാണവും കൊച്ചി മണ്ഡലത്തിന്റെ വികസനവുമാണ് പ്രധാന തിരഞ്ഞെടുപ്പ് അജൻഡ. അതുകൊണ്ട് തന്നെ ജനകീയ നേതാവിനായിരിക്കും തങ്ങളുടെ പിന്തുണയെന്ന് പ്രസിഡന്റ് പവിഴം ബിജു പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെല്ലാനം പഞ്ചായത്തിൽ 21 വാ‌ർഡുകളിൽ എട്ട് സീറ്റുകളിലാണ് ട്വന്റി 20 ചെല്ലാനം വിജയം നേടിയത്. മെച്ചപ്പെട്ട ലീഡ് നില ഉണ്ടായതിനാൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്കും ജനകീയ കൂട്ടായ്മയുടെ സഹകരണം ആവശ്യമാണ്. ചെല്ലാനത്തെ ഏറ്റവും വലിയ പ്രശ്നമായ കടൽക്ഷോഭം നേരിടുന്നതിൽ നാളിതുവരെയായും ഫലപ്രദമായ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ട്വന്റി 20 ചെല്ലാനം എന്ന ജനകീയകൂട്ടായ്മ രൂപമെടുത്തത്.