congress

കൊച്ചി: പരസ്യപ്രചാരണം ആരംഭിച്ചില്ലെങ്കിലും യു.ഡി.എഫ് പട്ടികയിൽ പേരുണ്ടാകുമെന്ന് ഉറപ്പുള്ള സ്ഥാനാർത്ഥികൾ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രചാരണത്തിന് മുന്നോടിയായി മത, സമുദായ നേതാക്കളുമായി ആദ്യഘട്ട ചർച്ചകൾ കഴിഞ്ഞു. വേണ്ടപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കി. വിശ്വസ്തരായ അനുയായികളുടെ കൂട്ടായ്മ സജ്ജമാക്കി. സാമൂഹ്യമാദ്ധ്യമങ്ങൾ ഉൾപ്പെടെ വിവിധ പ്രചാരണതന്ത്രങ്ങൾക്ക് രൂപം നൽകി.

അതേസമയം ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ധാരാളം നേതാക്കളുണ്ട്. യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും മുൻഗണന നൽകുമെന്ന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും അവർക്ക് കച്ചിത്തുരുമ്പായി. ഇക്കാലമത്രയും നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വനിതകളെ അകറ്റിനിറുത്തിയിരുന്ന കോൺഗ്രസ് നേതൃത്വം ഇത്തവണ ജില്ലയിൽ ഒരു സീറ്റെങ്കിലും തങ്ങൾക്ക് വിട്ടുകൊടുക്കാൻ സന്മനസ് കാട്ടുമെന്ന കണക്കുകൂട്ടലിലാണ് വനിതാനേതാക്കൾ. ഏതു സീറ്റായിരിക്കും എന്ന ചോദ്യം നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കൊച്ചി, വൈപ്പിൻ, തൃപ്പൂണിത്തുറ ഇവയിൽ ഏതെങ്കിലുമൊന്ന് വനിത മണ്ഡലമായി മാറുമെന്ന് അറിയുന്നു. പ്രവർത്തനപാരമ്പര്യമുള്ള വനിതാ നേതാക്കൾക്ക് പകരം ഇന്നലത്തെ മഴയിൽ കുരുത്ത സാമർത്ഥ്യക്കാർ സീറ്റ് തട്ടിയെടുക്കുമോയെന്ന ആശങ്കയും വ്യാപകമാണ്. പട്ടിക പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിരുദ്ധ ചേരിയിലുള്ളവർ ഒരു കാര്യത്തിൽ യോജിക്കുന്നു. സ്ഥാനാർത്ഥി ആരായാലും ജയസാദ്ധ്യത ഉണ്ടാവണം. പാർട്ടിയിൽ അടിത്തറയുള്ള ആളാകണമെന്നതാണ് പ്രധാനമെന്ന് നേതാക്കൾ പറയുന്നു.