കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലം കലാകാരന്മാർക്ക് നല്ലകാലം. മതിലെഴുത്തുകാർക്കും ഫോട്ടോ ഗ്രാഫർമാർക്കും ആർട്ട് ഡിസൈനർമാർക്കും നിന്നുതിരിയാൻ തന്നെ സമയമില്ല. പ്രചരണം തുടങ്ങും മുമ്പ് തന്നെ സ്ഥാനാർത്ഥിയുടെ ഫോട്ടോയെടുപ്പ് കൂടാതെ പ്രചരണം തുടങ്ങിയാൽ ഓരോ പരിപാടികളുടേയും ലൈവും, സ്​റ്റില്ലും നവ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതു വരെ പ്രൊഫഷണൽ പാർട്ടികളും, ഇവന്റ് ഗ്രൂപ്പുകളും കരാറെടുക്കുകയാണ്. ഫോട്ടോ, പഴയ ഫോട്ടോയല്ല. ലൈറ്റപ്പും, മേയ്ക്കപ്പും ചെയ്താണ് ഫോട്ടോയെടുപ്പ്. നവ മാദ്ധ്യമങ്ങളിൽ പടം വരുമ്പോൾ ക്ലാരി​റ്റി വേണമത്രെ. എന്നാലെ ലൈക്കും ഷെയറും ആവശ്യത്തിലധികം ലഭിക്കൂ. വോട്ടിനൊപ്പം പ്രധാന്യം ലൈക്കിനുമുണ്ട്. വില കൊടുത്ത് ലൈക്കു വാങ്ങി നല്കാനും ഗ്രൂപ്പും, ആപ്പുമുണ്ട്. ട്രോളും, വോട്ടഭ്യർത്ഥനയുടെ വിവിധ ഡിസൈനുകളും തയ്യാറാക്കുന്ന തിരക്കിലാണ് കമ്പ്യൂട്ടർ ഗ്രാഫിക് വിദഗ്ദ്ധർ. ഫ്‌ളെക്‌സ് നിരോധനം വന്നത് ചാകരയായത് മതിലെഴുത്ത് കലാകാരൻമാർക്കാണ്. വെള്ള പൂശി നേരത്തെ ബുക്ക് ചെയ്തിട്ട മതിലുകളിൽ അത്യാകർഷകമായി സ്ഥാനാർത്ഥിയുടെ ചിത്രമുൾപ്പടെ വരച്ചു ചേർത്തുള്ള മതിലെഴുത്തിനാണ് മുൻതൂക്കം. സ്ഥാനാർത്ഥി ഉറപ്പുള്ളിടങ്ങളിൽ മതിലെഴുത്ത് പൂർത്തിയാക്കി വരുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പൂർവ സ്ഥിതിയിലാക്കാമെന്ന ഉറപ്പിലാണ് റോഡരികിലെ മതിലുകൾ പാർട്ടി പ്രവർത്തകർ ഏ​റ്റെടുക്കുന്നത്. ഹെലിക്കാം ഉൾപ്പടെ ആധുനിക ഉപകരണങ്ങളുമായാണ് ഫോട്ടോയെടുപ്പ്. ഫോട്ടോയെടുപ്പ് മാത്രമല്ല ലൈവ് നൽകിയും ഫോട്ടോകളുടെ പ്രചരണം നൽകലുമുൾപ്പടെ ചുമതല വിവിധ ഗ്രൂപ്പുകൾ ഏറ്റെടുക്കുകയാണ്. മൈക്ക് അനൗൺസ്‌മെന്റും, അഭ്യർത്ഥന വായിക്കലിനും പ്രസംഗങ്ങൾ കേട്ടിരിക്കുന്നതിനും പതുതലമുറ സമയം കണ്ടെത്തുന്നില്ല എന്ന തിരിച്ചറിവാണ് പ്രചാരണത്തിന് ഹൈ ടെക് സ്വഭാവം നൽകാൻ മുന്നണികളെ പ്രേരിപ്പിക്കുന്നത്. ട്രോളന്മാർക്കും ചാകരയാണ്. ചുരുങ്ങിയ വാക്കുകളിൽ കൂടുതൽ വിവരങ്ങൾ നൽകുന്ന ട്രോളുകൾക്ക് വൻ ഡിമാന്റും പറയുന്ന തുകയും ലഭിക്കും. ട്രോളുണ്ടാക്കി പ്രചരണച്ചുമതലയുള്ളവർക്ക് നൽകി വരുമാനമുണ്ടാക്കുകയാണ് ട്രോളന്മാർ.