
കൊച്ചി: എറണാകുളം ജില്ലയിൽ എൽ.ഡി.എഫ് അനുവദിച്ച രണ്ടു സീറ്റുകളിൽ മത്സരിക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഒരുക്കം തുടങ്ങി. പെരുമ്പാവൂരിൽ ജില്ലാ പ്രസിഡന്റ് കൂടിയായ സാബു ജോസഫ് മത്സരിക്കും. പിറവത്തെ സ്ഥാനാർത്ഥിയെ ഇന്നോ നാളെയോ നിശ്ചയിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിച്ച പെരുമ്പാവൂർ ഇക്കുറി ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചു. മണ്ഡലത്തിലെ കൂവപ്പടി സ്വദേശിയാണ് അദ്ദേഹം. സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ എൽദോസ് കുന്നപ്പള്ളിയെയാണ് സാബു നേരിടുക. ഒൗദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തിയിട്ടില്ലെങ്കിലും എൽദോ മത്സരിക്കുമെന്നാണ് സൂചനകൾ. എൻ.ഡി.എ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല.
പിറവത്ത് രണ്ടു കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങ് ഒരുങ്ങുന്നത്. സിറ്റിംഗ് എം.എൽ.എയും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവുമായ അനൂപ് ജേക്കബ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. മാണി ഗ്രൂപ്പിന് പിറവം സീറ്റ് എൽ.ഡി.എഫ് നൽകിയെങ്കിലും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ജിൽസ്. സ്റ്റീഫൻ ജോർജും പരിഗണനയിലുണ്ട്.
സി.പി.എം വിട്ടുനൽകിയ സീറ്റിലുൾപ്പെടെ വിജയിക്കുക ജോസ് കെ. മാണി വിഭാഗത്തിന്റെ അഭിമാനപ്രശ്നമാണ്. എൽ.ഡി.എഫ് നേതാക്കളുടെ പിന്തുണയോടെ മികച്ച വിജയം നേടാൻ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പെരുമ്പാവൂരിൽ കടുത്ത മത്സരം
രണ്ടിടത്തും കടുത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സിറ്റിംഗ് എം.എൽ.എയായിരുന്ന സി.പി.എമ്മിലെ സാജു പോളിനെ തോല്പിച്ചാണ് എൽദോസ് കുന്നപ്പിള്ളി കഴിഞ്ഞ തവണ വിജയിച്ചത്. 7,088 വോട്ടായിരുന്നു ഭൂരിപക്ഷം. ഇക്കുറിയും മണ്ഡലം നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ട്വന്റി 20 യും മത്സരിക്കുന്നുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ജോസ് വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. മണ്ഡലത്തിൽ താമസിക്കുന്ന ജില്ലാ പ്രസിഡന്റിനെ തന്നെ നിയോഗിച്ചതും വിജയം ഉറപ്പിക്കാനാണ്. അതുകൊണ്ടു തന്നെ അഭിമാനമത്സരമാണ്. ഒൗദ്യോഗികമായ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയാലുടൻ പ്രചാരണം ആരംഭിക്കുമെന്ന് സാബു ജോസഫ് കേരളകൗമുദിയോട് പറഞ്ഞു.
കേരള കോൺഗ്രസുകൾ നേർക്കുനേർ
പിറവത്ത് മൂന്നാമങ്കം നടത്തുന്ന അനൂപ് ജേക്കബിനെയാണ് ജോസ് കെ. മാണി വിഭാഗം നേരിടേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂത്താട്ടുകുളം, പിറവം നഗരസഭകളുടെ ഭരണം പിടിച്ചെടുത്തതും കേരള കോൺഗ്രസിന്റെ വേരോട്ടവുമാണ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ. കെ.എം. മാണിയോടുള്ള വൈകാരിക അടുപ്പവും മണ്ഡലത്തിൽ വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് വിലിയിരുത്തുന്നത്. കാർഷികമേഖല ഉൾപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.