പറവൂർ: വടക്കേക്കര കാരുണ്യ സൗഹൃദ സൊസൈറ്റി നൽകുന്ന കാരുണ്യമിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘പുനർജനി പറവൂരിന് പുതുജീവൻ’ പദ്ധതിയിലൂടെ 200 വീടുകൾ നിർമിച്ചു നൽകിയ വി.ഡി. സതീശൻ എം.എൽ.എയ്ക്കാണ് വികസനമിത്ര അവാർഡ്. വിവിധ പ്രദേശങ്ങളിൽ വീടുകൾ നിർമിച്ചു നൽകുകയും സാമൂഹിക സേവനപ്രവർത്തനങ്ങൾ നടത്തുകയുംചെയ്ത ഫാ. ഫ്രാൻസിസ് താണിയത്തും മുന്നോറോളം നിർദ്ധനരായ രോഗികൾക്കു മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും നൽകിയ വി.എസ്. സോളിരാജും കാരുണ്യസേവനമിത്ര അവാർഡിന് അർഹരായി. കാർഷിക മേഖലയിലെ മികവിനുള്ള കാരുണ്യ കാർഷികമിത്ര അവാർഡിനു കോട്ടുവള്ളി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനുവും മികച്ച വിദ്യാർത്ഥി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണതീർത്ഥയും അർഹരായി. കാരുണ്യ ആരോഗ്യമിത്ര അവാർഡിന് മൂത്തകുന്നം ഭാരത് ആശുപത്രി എം.ഡി എം.എം. സഗീർ അർഹനായി. ശബ്ദകലാകാരൻ പോൾ അണ്ടിപ്പിള്ളിക്കാവിനാണ് കാരുണ്യ കലാമിത്ര അവാർഡ്.
വാഹനാപകടത്തിൽ മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ സ്മരണാർഥം വിദ്യാർത്ഥികൾക്ക് വിദ്യാമിത്ര അവാർഡുകളും നൽകുന്നുണ്ട്. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 13ന് വൈകിട്ട് 3.30ന് തുരുത്തിപ്പുറം സെന്റ് ലൂയിസ് ഹാളിൽ നടക്കുന്ന കാരുണ്യസംഗമത്തിൽ വിതരണംചെയ്യും. കാരുണ്യസംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കാരുണ്യ പ്രസിഡന്റ് സാജു പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിക്കും.