പറവൂർ: മുനിസിപ്പൽ കവലയിൽ ബസ് കാത്തുനില്പുകേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വരാപ്പുഴ, വൈപ്പിൻ ഭാഗങ്ങളിലേക്ക് പോകുന്നവർ നിൽക്കുന്ന സ്ഥലത്താണ് ബസ് കാത്തുനില്പുകേന്ദ്രം ഇല്ലാത്തത്. വെയിലും മഴയും കൊണ്ടുനിന്നാണ് പ്രായമായവരും കുട്ടികളും ബസ് കയറിപ്പോകുന്നത്. പുതിയ ബസ് കാത്തുനില്പുകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. ഇവിടെ ഉണ്ടായിരുന്നത് വർഷങ്ങൾക്കു മുമ്പ് വാഹനം ഇടിച്ചു തകർന്നുപോയതാണ്. ഇപ്പോൾ പഴയ ബസ് കാത്തുനില്പുകേന്ദ്രത്തിന്റെ അവശേഷിപ്പായി രണ്ടുവശത്തും ഓരോ കമ്പികൾ നീണ്ടുനിൽക്കുന്നുണ്ട്.
നഗരത്തിലെ പ്രധാന കവലയാണ് മുനിസിപ്പൽ കവല. ബസ് കാത്തുനില്പുകേന്ദ്രം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടകൾക്ക് മുന്നിൽ നിന്നാണ് യാത്രക്കാർ ബസിൽ കയറുന്നത്. രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികളും ജോലിക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേർ ബസിൽ കയറുന്നതിനായി മുനിസിപ്പൽ കവലയിൽ എത്തുന്നുണ്ട്. കടകൾക്കു മുൻപിൽ ആളുകൾ നിരന്നു നിൽക്കുന്നത് കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കുറച്ചു സ്ഥലം ഏറ്റെടുത്ത് മതിൽ ഇറക്കി കെട്ടി ബസ് കാത്തുനിൽപു കേന്ദ്രം നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായതിനാൽ പ്രാവർത്തികമായില്ല.