വൈപ്പിൻ: മലപ്പുറത്ത് നടന്ന നാൽപ്പതാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി ഒരേ വിദ്യാലയത്തിലെ കായികാദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ കായികാദ്ധ്യാപകനായ ജോസഫ് ആൻഡ്രൂസും പി.ടി.എ പ്രസിഡന്റായ വി ജെ ആന്റണി സാബുവുമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലെ സുവർണതാരങ്ങളായത്. പുരുഷവിഭാഗം പോൾവാൾട്ടിലാണ് ജോസഫ് ആൻഡ്രൂസും ഹാമർത്രോയിച ആന്റണി സാബുവും സുവർണനേട്ടം കൈവരിച്ചു.
വിദ്യാർത്ഥികൾക്ക് പ്രചോദനമാവുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫ് ആൻഡ്രൂസ് പതിവായി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇതിനായി എറണാകുളത്തും തൃശൂരുമുള്ള സ്റ്റേഡിയങ്ങളിൽ സ്ഥിരമായി പരിശീലനം നടത്തുന്നു. ഓരോവർഷവും സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ അറിയിപ്പ് ലഭിക്കുമ്പോൾ മുൻ കായികതാരം കൂടിയായ സ്‌കൂൾ പി.ടി.എ പ്രസിഡന്റിനെ ജോസഫ് ആൻഡ്രൂ വിവരമറിയിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തവണ ഇരുവരും ഒരുമിച്ച് മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചതും നേട്ടം കൈവരിച്ചതും.
വളപ്പ് വാരിയത്ത് കുടുംബാംഗമായ ആന്റണി സാബു എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഹാമർ ത്രോയിൽ എം.ജി യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു. വരാപ്പുഴ എടമ്പാടം ഇരുമ്പനത്ത് കുടുംബാംഗമായ ജോസഫ് ആൻഡ്രൂസും ഹൈജംബ്പ്, പോൾവാൾട്ട് എന്നിവയിൽ എം.ജി. യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു. തുടർപരിശീലനം നടത്തി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഇരുവരുടെയും ആഗ്രഹം.