shigalla

കൊച്ചി: കൊവിഡ് വ്യാപനം കുറഞ്ഞതിന്റെ ആശ്വാസമുണ്ടെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും ഷിഗെല്ല വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ഏതാനും പേർക്ക് മാത്രം രോഗം ബാധിച്ചിട്ടുള്ളുവെങ്കിലും ജനങ്ങൾ ഷിഗെല്ലയ്ക്കെതിരെ കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദശിച്ചു.

ചോറ്റാനിക്കരയിലാണ് ജില്ലയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ വാഴക്കുളത്തും ജില്ലയോട് അടുത്തുകിടക്കുന്ന തൃശൂർ പാലിശേരിയും രോഗം സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തിലെ രണ്ട് കുട്ടികളാണ് ഒടുവിൽ രോഗബാധിതരായത്.

പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ സഹായത്തോടെ ഷിഗെല്ലയടക്കമുള്ള ജലജന്യ സാംക്രമിക രോഗങ്ങളെ പിടിച്ചുകെട്ടാനുള്ള മുന്നൊരുക്കം കൂടുതൽ ശക്തമാക്കി. ഇന്നലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ജീവനക്കാർ എന്നിവർക്ക് ആരോഗ്യവകുപ്പ് ഓൺലൈനിലൂടെ ബോധവത്കരണ ക്ലാസും സ്വീകരിക്കേണ്ട മുൻകരുതലും വിദശീകരിച്ചു. ഓരോ പ്രദേശത്തും ജലസ്രോതസുകളിലെ ക്ലോറിനേഷൻ, പരിസര ശുചീകരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്താനാണ് നിർദ്ദേശം.

നിർദേശങ്ങൾ

1. കുളങ്ങളും കിണറുകളും ക്ലോറിനേഷൻ ചെയ്യണം. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടാം.

2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കിണറ്റിലെ വെള്ളം കുടിച്ചാണ് കാലടിയിലെ കുട്ടികൾക്ക് രോഗബാധയുണ്ടായത്.

3.വഴിയോരങ്ങളിൽ നിന്ന് ശീതളപാനീയങ്ങൾ വാങ്ങി കുടിക്കാതിരിക്കുക.

4.തിളപ്പിച്ചാറിയ കുടിവെള്ളം കൈയിൽ കരുതുക

5.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

6. തോടുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കാതിരിക്കുക.

ചൂടാണ്, കരുതൽ വേണം

ചൂട് കൂടിയതോടെ കുലുക്കി സർബത്ത്, തണ്ണിമത്തൻ ജൂസ്, കരിമ്പ് ജൂസ്, സംഭാരം എന്നിവയ്ക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്. വഴിയോര കച്ചവടക്കരെയാണ് ഇത്തരം ശീതളപാനിയങ്ങൾക്കായി ആശ്രയിക്കുന്നത്. ഷിഗെല്ല പോലെയുള്ള രോഗങ്ങൾ പടർത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വകുപ്പിന്റെ നി‌ർദേശപ്രകാരം വഴിയോരക്കച്ചവട സ്ഥാപനങ്ങളിലടക്കം പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

വേണം ജാഗ്രത

വിവിധ ഇടങ്ങളിൽ ഷിഗെല്ല സ്ഥിരീകരിച്ചതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വ്യക്തിശുചിത്വം പാലിക്കുക. ആരോഗ്യ ജാഗ്രതാ മിഷന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഡോ.വിനോദ് പൗലോസ്

നോഡൽ ഓഫീസർ,ജില്ലാ സർവൈലൻസ് എറണാകുളം