
കൊച്ചി : യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ, ബിയർ പാർലർ ലൈസൻസുകൾ അനുവദിക്കാൻ 100 കോടിയിലേറെ രൂപ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും കാട്ടി വിജിലൻസ് അന്വേഷണസംഘം മൂവാറ്റുപുഴ വിജലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. മറ്റു കക്ഷികളുടെ വാദം കേട്ട് കോടതി തീരുമാനമെടുക്കും.
കേരള ഹോട്ടൽ വ്യവസായി അസോസിയേഷൻ പ്രസിഡന്റ് വി.എം. രാധാകൃഷ്‌ണന്റെ പരാതിയിൽ 2016 ജൂലായ് 21നെടുത്ത കേസിലാണ് ക്ളീൻ ചിറ്റ്.
2011 - 2016 കാലയളവിൽ ചില ഹോട്ടലുടമകളുടെ ബാർ ലൈസൻസ് അപേക്ഷകൾ തടഞ്ഞുവച്ചെന്നും ചിലരുടെ അപേക്ഷ വേഗം അനുവദിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം. കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കെ. ബാബുവിന്റെ സുഹൃത്തുക്കൾ, ബിനാമികൾ തുടങ്ങിയവരുടെയും ഹോട്ടലുകളുടെ സമീപത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകൾ കാരണമില്ലാതെ പൂട്ടിയെന്നും ആരോപണമുണ്ടായി. ഒൗദ്യോഗിക പദവിയുടെ ദുരുപയോഗമടക്കമുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് വിജിലൻസ് കേസെടുത്തത്.
വിജിലൻസിന്റെ കണ്ടെത്തലുകൾ
• ലൈസൻസിനു വേണ്ടി ബാബു കോഴ ചോദിച്ചില്ലെന്നാണ് മൊഴി.
• കോഴ വാങ്ങിയതായി നേരിട്ടറിയില്ലെന്നാണ് പരാതിക്കാരനായ രാധാകൃഷ്‌ണന്റെ മൊഴി.
• ലൈസൻസിനു വേണ്ടി പണം പിരിച്ച് മന്ത്രിയുമായി അടുപ്പമുണ്ടെന്ന് കരുതുന്ന ബിനോയ് ജോസഫിന് നൽകിയെങ്കിലും തുക മന്ത്രിക്ക് കൈമാറിയതു കണ്ടില്ലെന്ന് ബാർ ഹോട്ടൽ അസോസിയേഷന്റെ ഭാരവാഹികൾ മൊഴി നൽകി.
• മന്ത്രിക്കു വേണ്ടി 20 ലക്ഷം രൂപ ബിനോയിക്ക് നൽകിയെന്നും ലൈസൻസ് ലഭിക്കാത്തതിനാൽ പണം തിരികെ ലഭിച്ചെന്നും സാക്ഷിമൊഴിയുണ്ട്. ബിനോയിക്ക് സ്വാധീനമുണ്ടായിരുന്നെങ്കിൽ വേഗം ലൈസൻസ് ലഭിക്കുമായിരുന്നു.
• സാക്ഷിമൊഴികളും തെളിവുകളും ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ല.
• മദ്യനയത്തിലെ മാറ്റവും ബാറുടമകളുടെ കേസുമാണ് ലൈസൻസ് അപേക്ഷകളിൽ നടപടി വൈകാൻ കാരണം.
• മദ്യ ഉപയോഗം നിയന്ത്രിക്കുന്ന നയത്തിന്റെ ഭാഗമായി മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് നടപ്പാക്കിയത്. അതിൽ മന്ത്രിയായിരുന്ന ബാബുവിന് പ്രത്യേക പങ്കില്ല.
• 3.79 കോടി രൂപ അസോസിയേഷൻ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്തെങ്കിലും കേസുകൾ നടത്താനാണിതെന്ന് ഫയലുകളിൽ വ്യക്തമാണ്.
• മന്ത്രിയുടെ കാബിന് പുറത്ത് വച്ച് സ്റ്റാഫ് അംഗത്തിന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള പണമടങ്ങിയ സ്യൂട്ട്കേസ് കൈമാറിയത് കണ്ടെങ്കിലും അപ്പോൾ മന്ത്രി കാബിനിൽ ഉണ്ടായിരുന്നില്ലെന്ന് സാക്ഷി മൊഴിയുണ്ട്.