pra
കൊതുക് നിവാരണ പ്രവർത്തനങ്ങളിലെ പരാജയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തുന്നു

കൊച്ചി: കൊതുകുശല്യം അതിരൂക്ഷമായിട്ടും കൊതുകുനിവാരണ പ്രവർത്തനങ്ങൾ മേയറുടെ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊതുകുശല്യം മൂലം വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊതുക് നിവാരണത്തിനായി ആവശ്യത്തിന് തൊഴിലാളികളെ നൽകിയിട്ടില്ല. ഹെൽത്ത് സർക്കിൾ ഓഫീസിൽ കൊതുകിനെ നശിപ്പിക്കാനുള്ള മരുന്നോ തളിക്കാനുള്ള ഉപകരണങ്ങളോ എത്തിക്കാതെയാണ് കൗൺസിൽ യോഗത്തിൽ മേയർ പൊള്ളയായ വാഗ്ദാനങ്ങൾ നടത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സാധാരണ നടത്താറുള്ള കൊതുക് നിവാരണ പ്രവർത്തനങ്ങൾപോലും നടത്താത്തതിനാൽ കൊതുകുശല്യം അതിരൂക്ഷമാണ്.

കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച മേയർ ആദ്യഘട്ടതുക പോലും ഡിവിഷനുകളിലേക്ക് അനുവദിച്ചിട്ടില്ല. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി 400 തൊഴിലാളികളെ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കൗൺസിലിൽ വായിച്ചെങ്കിലും ഒരാളെപ്പോലും നിയമിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിലർമാരായ അഡ്വ. മിനിമോൾ, ഹെൻറി ഓസ്റ്റിൻ, ആന്റണി പൈനുതറ, എം.ജി.അരിസ്റ്റോട്ടിൽ, ബാസ്റ്റിൻ ബാബു, മനുജേക്കബ്, എ.ആർ. പത്മദാസ്, സക്കീർ തമ്മനം, ഷൈല തദേവൂസ്, മേഴ്‌സി, സീന, മിനി വിവേര തുടങ്ങിയവർ പങ്കെടുത്തു