കൊച്ചി : കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പി. ആൻഡ് സി പ്രൊജക്ട്സ് നൽകിയ ഹർജി വാദത്തിനായി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. ഇന്നലെ ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നപ്പോൾ വിശദമായ വാദത്തിന് സമയം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇതനുവദിച്ചാണ് ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.

കരാർ കമ്പനിയെ ഒഴിവാക്കിയതിനു പുറമേ പുതിയ ടെൻഡർ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും കമ്പനി സമർപ്പിച്ചിട്ടുണ്ട്. ഇൻകെൽ അധികൃതർ കൃത്യമായി ഫണ്ട് അനുവദിക്കാത്തതും കൊവിഡ് വ്യാപനവുമൊക്കെ കാൻസർ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഡിസംബർ 26 ന് നിർമാണം ഇഴയുന്നെന്നാരോപിച്ച് ഇൻകെൽ അധികൃതർ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജനുവരി നാലിന് മറുപടി നൽകിയെന്നും തർക്കങ്ങൾ പരിഹരിക്കാൻ മൾട്ടി ലെവൽ സംവിധാനം വേണമെന്നാവശ്യപ്പെടുന്ന നിവേദനം ജനുവരി ആറിന് നൽകിയെന്നും ഹർജിക്കാർ പറയുന്നു. തർക്കത്തിൽ ഇടപെടാൻ സർക്കാരിനോടും കിഫ്ബിയോടും കമ്പനി ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായില്ല. ജനുവരി 18 നാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇൻകെൽ അധികൃതർ കമ്പനിക്ക് നോട്ടീസ് നൽകിയത്.