election

കൊച്ചി: പറവൂർ പിടിക്കണം, വി.ഡി സതീശനെ കെട്ടുകെട്ടിക്കണം. എൽ.ഡി.എഫ് പ്രഖ്യാപിതലക്ഷ്യം ഇതാണെങ്കിലും പ‌ടയാളി ആരെന്ന ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉൾപ്പെടെ പരിഗണനയിലുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ തൃപ്തിവന്നിട്ടില്ല. സതീശനെ നേരിടാൻ യുവവനിതാ സ്ഥാനാർത്ഥിയെ കളത്തിലിറക്കാനുള്ള കരുനീക്കം സി.പി.ഐ നടത്തുന്നുണ്ടെന്നാണ് വിവരം.

മുതിർന്ന സി.പി.ഐ നേതാവിന്റെ മകളെയും പരിഗണിക്കുന്നതെന്നാണ് സൂചന. ഇവർ സന്നദ്ധത അറിയിച്ചാൽ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. വിസമ്മതിച്ചാൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ വനിതയ്ക്ക് നറുക്ക് വീണേക്കും. 25 സീറ്റിൽ മത്സരിക്കുന്ന സി.പി.ഐ 21സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ വൈക്കം സിറ്റിംഗ് എം.എൽ.എ സി.കെ ആശ മാത്രമാണ് ഏക വനിത. പറവൂർ അടക്കം നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകും. ഇതിൽ നാട്ടികയും ഉൾപ്പെടും. ഗീതാ ഗോപിയാണ് നാട്ടിക എം.എൽ.എ.

2016 ൽ ശാരദ മോഹനായിരുന്നു പറവൂരിലെ സി.പി.ഐ സ്ഥാനാർത്ഥി. മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകളായ ശാരദ മോഹൻ 20,634 വോട്ടിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ നടന്ന ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതിന് ലീഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.

വനിതാനീക്കം പാടെ തള്ളിയാൽ എം.ഡി. നിക്സണാണ് മുൻതൂക്കം. സംസ്ഥാന കൗൺസിൽ അംഗമാണ് കളമശേരി സ്വദേശിയായ നിക്സൺ. യു.ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പറവൂരിൽ വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നിന്നാണ് മണ്ഡലപര്യടനത്തിന് തുടക്കമിട്ടത്.