ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിലെ തിരുവുത്സവം 13 മുതൽ 20 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി വി. സന്തോഷ് എന്നിവർ അറിയിച്ചു.

13ന് വൈകിട്ട് അഞ്ചിന് തോപ്പിൽ അനില സൗമിത്രന്റെ വസതിയിൽ നിന്ന്നും താളമേളങ്ങളുടെ അകമ്പടിയോടെ കൊടിയും കൊടിക്കയറും ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി ഏഴിന് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 14ന് രാവിലെ 11ന് കളഭാഭിഷേകം. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ക്ഷേത്ര ആചാരങ്ങൾ നടക്കും. 19നാണ് വലിയവിളക്ക് മഹോത്സവം. രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിന് മുന്നിൽനിന്നും പകൽപ്പൂരം, രാത്രി ഒമ്പതിന് പള്ളിവേട്ട, പള്ളിക്കുറുപ്പ്.

20ന് വൈകിട്ട് ആറിന് ക്ഷേത്രസന്നിധിയിൽ ആറാട്ട്. തുടർന്ന് കൊടിയിറക്കലും മംഗളപൂജയും.