swapna

കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മിഷണർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ബാംബൂ കോർപറേഷൻ ചെയർമാനും സി.പി.എം നേതാവുമായ കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകി. 26ന് ഹാജരായി വിശദീകരണം നൽകാൻ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് ഇന്നലെ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് നോട്ടീസുമയച്ചു.

സ്വപ്‌നയ്‌ക്ക് ജയിലിൽ മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ജയിൽ ഡി.ജി.പി നൽകിയ ഹർജിയിലാണ് രഹസ്യമൊഴിയുടെ വിവരങ്ങളുൾപ്പെടുത്തി കസ്റ്റംസ് കമ്മിഷണർ വിശദീകരണ പത്രിക സമർപ്പിച്ചത്. എന്നാൽ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവൂ എന്ന നിയമം ലംഘിച്ചെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണ മൂലമാണ് ഡോളർ കടത്തിയതെന്ന് സ്വപ്ന രഹസ്യമൊഴി നൽകിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കമ്മിഷണർ വിശദീകരണപത്രിക നൽകിയത്.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രേരണയെത്തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ട് കസ്റ്റംസ് കമ്മിഷണർ സമർപ്പിച്ചതെന്നും കോടതിയെ രാഷ്ട്രീയ പോർക്കളമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഹർജിയിൽ പറയുന്നു. വിശദീകരണപത്രിക കോടതിയുടെ പരിഗണനയിൽ വരും മുമ്പ് മാദ്ധ്യമങ്ങളിൽ വന്നു. ഒരു രാഷ്ട്രീയ വിഭാഗത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി രഹസ്യമൊഴിയെ കസ്റ്റംസ് കമ്മിഷണർ ഉപയോഗിക്കുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.