uc-college
ആലുവ യു.സി കോളേജ് പ്രതിനിധി സംഘം കവടിയാർ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ സ്വീകരിക്കുന്നു

ആലുവ: തിരുവിതാംകൂർ മഹാരാജാവ് പതിച്ചുനൽകിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ച് ശതാബ്ദി നിറവിലെത്തിയ ആലുവ യു.സി കോളേജിൽ നിന്നുള്ള പ്രതിനിധി സംഘം കവടിയാർ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ സന്ദർശിച്ചു.

ശതാബ്ദി ആഘോഷ ക്ഷണപത്രം കൈമാറിയ സംഘം കോളേജിന്റെ സ്‌നേഹോപഹാരവും തമ്പുരാട്ടിക്ക് സമർപ്പിച്ചു.

കോളേജിനെ പ്രതിനിധീകരിച്ച് കോളേജ് ബർസാർ ഡോ. എം.ഐ. പുന്നൂസ്, ഡോ. മിനി ആലീസ്, ഡോ. എം. അനിൽകുമാർ, പ്രൊഫ. രേഖ ആർ. നായർ, ഡോ. ബി. വന്ദന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊവിഡ് വ്യാപനം ഒഴിയുന്ന മുറയ്ക്ക് ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാമെന്ന് അശ്വതി തിരുനാൾ തമ്പുരാട്ടി ഉറപ്പ് നൽകി.1921ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് കരമൊഴിവായി പതിച്ചുനൽകിയ 18 ഏക്കർ സ്ഥലത്താണ് യു.സി കോളേജ് പ്രവർത്തനമാരംഭിച്ചത്. കെ.സി. ചാക്കോ, കെ.എം. വർക്കി, സി.പി. മാത്യു, വി.എം. ഇട്ടിയേര എന്നീ നാല് യുവാക്കളുടെ സ്വപ്നമാണ് പെരിയാറിന്റെ തീരത്ത് പൂവണിഞ്ഞത്.

ഇന്ത്യക്കാരായ ക്രിസ്ത്യാനികളാൽ സ്ഥാപിതമായ ആദ്യ എക്യുമിനിക്കൽ കോളേജ് എന്ന ഖ്യാതി യു.സി കോളേജിനുണ്ട്.

ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 12 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ശതാബ്ദിയോടനുബന്ധിച്ച് നടപ്പാക്കുന്നത്. ലൈബ്രറി സമുച്ചയത്തിന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ഇതോടനുബന്ധിച്ച് തിരുവനന്തപുരത്ത് പൂർവവിദ്യാർഥി സമ്മേളനവും ചേർന്നു. പൂർവ വിദ്യാർഥികളുടെ തിരുവനന്തപുരം ചാപ്റ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡോ. എം.എസ്. ഗിരിജ, മാത്യു ഫിലിപ്പ്, ഡോ. ആശാ പണിക്കർ, വേണുഗോപാൽ ദാസ് എന്നിവരടങ്ങുന്ന പത്തംഗ സമിതിയെ തിരഞ്ഞെടുത്തു.