ആലുവ: ആലുവ മഹാശിവരാത്രി ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്കായി റൂറൽ ജില്ലാ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. എസ്.പിയുടെ നേതൃത്വത്തിൽ 10 ഡി.വൈ.എസ്.പിമാർ, 26 ഇൻസ്‌പെശക്ടർമാർ, 146 എസ്.ഐ, എ.എസ്.ഐമാർ, 524 എസ്.സി.പി.ഒ, സി.പി.ഒമാർ, 150 വനിത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിൽ നിന്നുള്ള മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡുണ്ടാകും. മണപ്പുറത്ത് 24 മണിക്കൂർ കൺട്രോൾ റൂം നാളെ രാവിലെ പ്രവർത്തനമാരംഭിക്കും. ആംബുലൻസ് സർവീസും ലഭ്യമാണ്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ളവരുടെ പട്രോളിംങ് നടത്തും. റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കും.
മദ്യ വിൽപ്പന നിരോധിക്കും
ആലുവ പട്ടണത്തിലും പരിസര പ്രദേശത്തും 11,12 തീയതികളിൽ മദ്യവിൽപ്പനയും ഉപഭോഗവും നിരോധിക്കും. നാളെ മുതൽ നഗരസഭ യാചക നിരോധന മേഖലയാക്കും.
ഗതാഗത നിയന്ത്രണം
നാളെ വൈകിട്ട് നാല് മുതൽ 12ന് ഉച്ചയ്ക്ക് രണ്ട് വരെ ടൗണിൽ ഗതാഗത നിയന്ത്രണങ്ങളുണ്ട്. മണപ്പുറത്തേയ്ക്കുള്ള സ്വകാര്യ വാഹനങ്ങൾ സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡു വഴി പോകണം. ഇവിടെ പാർക്കിംഗ് സൗകര്യമുണ്ട്. വൺവേ ട്രാഫിക് ആയിരിക്കും. മണപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാന്റ് ഉണ്ടാകില്ല.
ബാങ്ക് കവല മുതൽ ടൗൺഹാൾ റോഡ് വരെ വാഹന ഗതാഗതം അനുവദിക്കില്ല. 11ന് രാത്രി 10 മുതൽ 12ന് പകൽ 10 വരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ തിരിഞ്ഞു പോകണം. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ കളമശേരിയിൽ നിന്നും കണ്ടെയ്‌നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി പേകണം.