കൊച്ചി : ഹയർ സെക്കൻഡറി ക്ളാസുകളിൽ പഠിക്കുന്ന സ്കൗട്ടുകൾക്കും ഗൈഡുകൾക്കുമായി രാജ്യപുരസ്കാർ ടെസ്റ്റ് നടത്തുന്നകാര്യം പരിഗണിക്കണമെന്നും പ്ളസ് ടു വിദ്യാർത്ഥികളുടെ പ്രധാന പരീക്ഷ കഴിഞ്ഞ് ഫലം വരുന്നതിനിടെയുള്ള സമയത്ത് ടെസ്റ്റ് നടത്താനാവുമോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പ്ളസ് വൺ, പ്ളസ് ടു ക്ളാസുകളിൽ പഠിക്കുന്ന സ്കൗട്ടുകൾക്കും ഗൈഡുകൾക്കും രാജ്യപുരസ്കാർ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശിനി എ.ജി ഗ്രീഷ്മയടക്കമുള്ള വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സ്റ്റേറ്റ് ചീഫ് കമ്മിഷണർ, സ്റ്റേറ്റ് ഒാർഗനൈസർ എന്നിവർക്ക് സിംഗിൾബെഞ്ച് നിർദ്ദേശം.

പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് ഇൗ ടെസ്റ്റ് നടത്തിയിട്ടും പ്ളസ് ടു വിദ്യാർത്ഥികളെ ഒഴിവാക്കിയെന്നും രണ്ടു വർഷം ഇതിൽ പ്രവർത്തിച്ചിട്ട് ഒരു ബാഡ്ജ് പോലും ലഭിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു.

കൊവിഡ് ഭീഷണിയിലും പത്താം ക്ളാസുകാർക്ക് ഇൗ ടെസ്റ്റ് നടത്തിയത് ഗ്രേസ് മാർക്കുള്ളതിനാലാണെന്നും ഹയർ സെക്കൻഡറി ക്ളാസുകളിൽ ഗ്രേസ് മാർക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. തുടർന്നാണ് ഇവർക്കു ടെസ്റ്റ് നടത്തുന്ന കാര്യം ഒരുമാസത്തിനകം തീരുമാനിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.