ആലുവ: മഹാശിവരാത്രി ദിനമായ 11 പുലർച്ചെ നാല് മുതൽ ആലുവ മഹാദേവ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം മണപ്പുറത്ത് തങ്ങാതെ മടങ്ങണമെന്നും ഉറക്കമൊഴിയാൻ മണപ്പുറത്ത് കൂട്ടം കൂടരുതെന്നും നിർദേശമുണ്ട്. അഞ്ച് ക്ലസ്റ്ററുകളിലായി 50 ബലിത്തറകൾ വീതം ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു ക്ലസ്റ്ററിൽ 200 പേർ വീതം 1000 പേർക്ക് ഒരേ സമയം ബലിയാടാനാകും. മൊബൈൽ ആപ്പ് ആയ അപ്നാ ക്യൂ എന്നതിലൂടെ രജിസ്റ്റർ ചെയ്തവർക്കാണ് ബലിയിടാൻ സൗകര്യം നൽകുക. അതിനു ശേഷം ക്ഷേത്ര ദർശനവും അനുവദിക്കും. എന്നാൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. ബലിയിടുന്നതിന് മുമ്പും പിമ്പും ശരീരശുദ്ധി വരുത്താനും ബലി വസ്തുക്കൾ ഒഴുക്കാനും ബലിത്തറയ്ക്ക് സമീപം ഒരുക്കിയിട്ടുണ്ട്. വഴിപാട്, കാണിക്ക അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഔഷധ കുടിവെള്ളം സൗജന്യമായി നൽകും.