പള്ളുരുത്തി: ഇടക്കൊച്ചിയിൽ നടന്നുകൊണ്ടിരുന്ന തണ്ണീർത്തടം നികത്തൽ പൊതുജനം ഇടപെട്ട് നിറുത്തിച്ചു. ഏക്കറകണക്കിന് വരുന്ന സ്ഥലമാണ് ഭൂമാഫിയ നികത്തിയത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡ്, ഇത്തിത്തറ കോളനി, കണ്ണങ്ങാട്ടു പാലത്തിനു സമീപം കൃഷ്ണപിള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ, പൂഴിമണ്ണ് എന്നിവ ഉപയോഗിച്ച് നിലംനികത്തൽ വ്യാപകമായി നടന്നത്. വില്ലേജാഫീസർ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഭൂമാഫിയക്കാർ നികത്തൽ തുടരുകയായിരുന്നു. പ്രാദേശികരാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെയാണ് ഇവിടെ നിലംനികത്തൽ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണങ്ങാട്ട് പാലം വന്നതോടെ ഈ ഭാഗത്ത് സ്ഥലത്തിന് വില കുതിച്ചുയരുന്നതാണ് ഭൂമാഫിയക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. സംഭവത്തിൽ ഗ്രീൻ കൊച്ചി ഭാരവാഹി അരുൺകുമാർ റവന്യു മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.നാട്ടുകർ ഇടപെട്ടതോടെ മണ്ണ് അടിക്കാനെത്തിയ ടിപ്പർ ലോറി പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.