
തൃക്കാക്കര : തൃക്കാക്കരയിൽ ഇക്കുറി മത്സരം തീപാറും. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സിറ്റിംഗ് എം.എൽ.എ പി.ടി തോമസിനെ നേരിടാൻ തൃക്കാക്കരയിൽ എൽ.ഡി.എഫ് കളത്തിലിറക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥിയായി എല്ലുരോഗ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമായ ഡോ.ജെ.ജേക്കബിനെ. മണിപ്പാലിൽ നിന്നും എം.ബി.ബി.എസ് ബിരുദവും ബിജാപുരിൽ നിന്ന് ഓർത്തോപീഡിക്‌സിൽ എം.എസും നേടിയ ജേക്കബ് പൊതുപ്രവർത്തന രംഗത്തും സജീവ സാന്നിദ്ധ്യമാണ്. എറണാകുളം ജില്ലയുടെ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റെന്ന നിലയിലും അദ്ദേഹം സുപരിചിതനാണ്.
തൃക്കാക്കരയിലെ സാമുദായിക സമവാക്യങ്ങൾകൂടി പരിഗണിച്ചാണ് സഭാ പിന്തുണയുള്ള ഡോ.ജെ.ജേക്കബിനെ നിറുത്തി മണ്ഡലം പിടിക്കാൻ ഇടതുമുന്നണി ഇറങ്ങിത്തിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനെയാണ് പി.ടി തോമസിനെതിരെ എൽ.ഡി.എഫ് കളത്തിലിറക്കിയത്. അന്ന് പി.ടി തോമസ് തന്നെയാണ് ജയിച്ചതെങ്കിലും മണ്ഡലത്തിൽ യു.ഡി.എഫിന് 20,000ന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം 11,996 ലേക്ക് ചുരുങ്ങുകയായിരുന്നു. സിനിമാ താരങ്ങളെ ഉൾപ്പടെ തൃക്കാക്കരയിൽ നിർത്താൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലാണ് അപ്രതീക്ഷിതമായി പട്ടികയിൽ ഡോ.ജേക്കബിന്റെ പേരെത്തിയത്. എസ്.സജി തന്നെയാവും ഇക്കുറി എൻ.ഡി.എ സ്ഥാനാർത്ഥിയെന്നാണ് സൂചന.