കൊച്ചി: പെരുമ്പാവൂരിൽ രാത്രി പജേറോ കാറിടിച്ച് വീട്ടുമതിൽ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം അപകടം നടന്നശേഷം കാറിൽനിന്നിറങ്ങി ഓടി രക്ഷപെട്ടവരുടെ കൈയിലുണ്ടായിരുന്ന ബാഗ് കേന്ദ്രീകരിച്ച്. ഇതിൽ പണമായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടം നടന്നയുടൻ നാലംഗസംഘം ഒരു ബാഗുമായി മുങ്ങിയെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ വിവരം. മൂന്ന് പേർ കോടനാട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ കണ്ണികളാണ്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് ഇവർ.
സംഭവദിവസം രാത്രി ചിലരെത്തി അപകടത്തിൽപ്പെട്ട കാറിൽനിന്ന് റേഡിയോയും കത്തിയുടെ ഉറയുമെടുത്ത് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് വിവരം. കേസിൽ സംസ്ഥാന ഇന്റലിജൻസും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം അലക്ഷ്യമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
പജേറോ അപകട കേസ്
കഴിഞ്ഞ ശനിയാഴ്ച പെരുമ്പാവൂർ എം.സി. റോഡിലെ കടുവാൾ ജംഗ്ഷനിൽ യു.പി രജിട്രേഷൻ പജേറോ കാറിടിച്ച് വീട്ടുമതിൽ തകർന്നതാണ് സംഭവം. രാത്രി 10മണിക്കുണ്ടായ അപകടത്തിന് പിന്നാലെ യാത്രക്കാർ ഓടി രക്ഷപെട്ടതാണ് നാട്ടുകാരിൽ സംശയത്തിന് ഇടയാക്കിയത്. വാഹനത്തിൽ റേഡിയോയും മറ്രും ഉണ്ടായിരുന്നു. ഇന്റലിജൻസ് അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്നവരെകക്കുറിച്ചുംമറ്രും നിർണായകവിവരം ലഭിച്ചത്. തുടർന്നാണ് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.