
ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയുടെ പരിസരം മാലിന്യത്താൽ നിറഞ്ഞു. ബോട്ട് ജെട്ടിക്ക് ചുറ്റും കൽപ്പടവുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. ബോട്ട് ജെട്ടിയിൽ പോള പൂക്കൾ നിറഞ്ഞ് നില്ക്കുന്നത് കാണുന്നതിനായി നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെയ്ക്ക് എത്തുന്നത്. പോളകൾക്കിടയിൽ പ്ലാസ്റ്റിക് കുപ്പികളും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളവുമാണ് ഇവിടം. സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ് പൊളിഞ്ഞ് ബോട്ട് ജെട്ടിയ്ക്ക് ചുറ്റിലും നിർമ്മിച്ചിരിക്കുന്ന സംരക്ഷണ ഭിത്തികളും തകർന്ന നിലയിലാണ്.
വിളക്ക് കാലുകൾ സ്ഥാപിച്ചിരിക്കുന്നതിൽ ചിലത് തകർന്നു വീണ സ്ഥിതിയാണ്. ഗ്രില്ലുകൾ സ്ഥാപിച്ചിരിക്കുന്നതിൽ ഏറെയും തകർന്ന നിലയിലാണ്. കൽപ്പടവുകളിൽ പാകിയിരിക്കുന്ന ടൈലുകളും തകർന്നു. പൊട്ടിപ്പൊളിഞ്ഞും പല ഭാഗത്തും ഇല്ലാത്ത സ്ഥിതിയുമാണ്. ബോട്ട് കടന്നു വരുന്ന ജലപാതയിലെ ആറിൻ്റെ തീരത്തെ നിരവധി യിടങ്ങളിലെ കൽക്കെട്ടുകൾ ഇടിഞ്ഞു വീണ നിലയിലാണ്. സാമൂഹ്യ വിരുദ്ധർ കൽപ്പടവുകളിൽ മലമൂത്ര വിസർജനങ്ങൾ നടത്തുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. രണ്ട് ബോട്ട് സർവീസ് ഉള്ളതിൽ നിലവിൽ ഒരെണ്ണം മാത്രമാണ് സർവ്വീസ് നടത്തുന്നത്. പോള നിറഞ്ഞ് കിടക്കുന്നത് ബോട്ട് സർവ്വീസിനെയും തടസപ്പെടുത്തുന്നുണ്ട്. പോള പൂക്കൾ പൂത്തത് കാണുന്നതിനും ദ്യശ്യങ്ങൾ പകർത്തുന്നതും നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളും സന്ദർശകരെയും യാത്രക്കാരെയും ദുരിതത്തിലാഴ്ത്തുന്നു. ബോട്ട് ജെട്ടിയുടെ പരിസരം വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.