കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പ് മറയാക്കി കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര മനയ്ക്കകടവിൽ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തുന്നു. ഇതിനു സമീപത്തെ സ്വകാര്യ കോളേജിന്റെ കോമ്പൗണ്ടിനോട് ചേർന്നു കിടക്കുന്ന മലയിടിച്ചാണ് മണ്ണ് മാഫിയയുടെ തേരോട്ടം. ഇതേതുടർന്ന് പ്രദേശത്തെ ചായ്‌ക്കോത്ത്മല കോളനി അടക്കമുള്ള പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്. ഒരാഴ്ചയിലേറയായി പാടം നികത്തൽ നിർബാധം തുടരുകയാണ്. രാത്രിയിൽ നിരവധി ടോറസ് ടിപ്പറുകൾ ഉപയോഗിച്ചാണ് മണ്ണടിച്ച് നികത്തുന്നത്.വെളുപ്പിന് നാലു മണിക്കു മുമ്പെ നികത്തൽ അവസാനിപ്പിക്കുന്നതിനാൽ ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. മാത്രമല്ല പാടം നികത്തുന്നത് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവിടെ മറയൊരുക്കിയിട്ടുമുണ്ട്. ഇതിനിടെ റോഡിൽ വീഴുന്ന മണ്ണുകളും പൊടികളും നീക്കം ചെയ്യാൻ പുലർച്ചെ തന്നെ റോഡ് കഴുകി വൃത്തിയാക്കുന്നതിനാൽ ഇവിടെ മണ്ണടിച്ചതായി ആരും ശ്രദ്ധിക്കാറുമില്ല. ഇത്തരത്തിൽ വിദഗ്ദമായ മറയൊരുക്കിയാണ് മണ്ണടി നിർബാധം തുടരുന്നത്. എന്നാൽ ഇതിനു പിന്നിൽ മണ്ണ് മാഫിയകൾക്ക് വില്ലേജ്, റവന്യു, പൊലീസ് അധികൃതരടെ സഹായം ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുന്നത്തുനാട് പഞ്ചായത്തിൽ ഇത്തരത്തിൽ നിരവധി പാടശേഖരങ്ങളാണ് അനുദിനമെന്നോണം നികത്തപ്പെടുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ വൈമുഖ്യം കാണിക്കുന്ന കുന്നത്തുനാട് വില്ലേജ് ഓഫീസർക്കെതിരെ നിരവധി ആക്ഷേപങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളെ മണ്ണ് മാഫിയകൾ സാമ്പത്തികമായി സഹായിക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവർ ആരും തന്നെ പാടം നികത്തുന്നതിനെതിരെ പ്രതിഷേധിക്കാറുമില്ല.