
വൈപ്പിൻ : 5വർഷം മുൻപ് വൈപ്പിൻ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എസ്. ശർമ്മ തുടങ്ങിയത് ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ നെല്ലിയുടെ തൈ നട്ടായിരുന്നു. ശർമ്മയുടെ പിൻഗാമിയാകാൻ ഇടത് മുന്നണി നിയോഗിച്ച കെ.എൻ. ഉണ്ണികൃഷ്ണൻ ഇന്നലെ തന്റെ പ്രചാരണം തുടങ്ങിവച്ചത് അതേസ്ഥലത്ത് ശീമപ്ലാവിന്റെ തൈ നട്ടാണ്. മുൻഗാമിയുടെ നെല്ലിമരത്തിനരികിൽ തന്നെയാണ് പ്ലാവ് നട്ടത്. നെല്ലി ഇപ്പോൾ വളർന്നു എന്ന് മാത്രമല്ല രണ്ടാഴ്ച മുമ്പ് സ്ഥാപിതമായ സഹോദരൻ അയ്യപ്പന്റെ വെങ്കല പ്രതിമയ്ക്ക് അഴകായ് തന്നെയാണ് നിൽപ്. സഹോദരൻ സ്മാരകം സെക്രട്ടറി ഒ.കെ.കൃഷ്ണകുമാർ, മുൻ സെക്രട്ടറി ഡോ.കെ.കെ. ജോഷി എന്നിവരും ഉണ്ണികൃഷ്‌ണനോടൊപ്പം ഉണ്ടായിരുന്നു.
നിലവിൽ സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗമായ ഉണ്ണികൃഷ്ണൻ ശ്രീനാരായണ യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതു രംഗത്തേക്കെത്തിയത്. എസ്.എഫ്.ഐ. ജില്ലാ കമ്മറ്റിയംഗം, ഡി,വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, സി.പി.എം. എറണാകുളം സൗത്ത് എൽ.സി. സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. 10 വർഷം എറണാകുളം ഏരിയ സെക്രട്ടറിയായും ഒരു വർഷം വൈപ്പിൻ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി നഗരസഭ കൗൺസിലർ, കൊച്ചി ദേവസ്വം ബോർഡ് മെമ്പർ, എറണാകുളം ഇ.എം.എസ്. സാംസ്‌ക്കാരിക കേന്ദ്രം ഡയറക്ടർ എന്നി സ്ഥാനങ്ങളും വഹിച്ചു.