മൂവാറ്റുപുഴ: എതിരാളി ആരെന്ന് അറിയില്ലെങ്കിലും മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എൽദോഎബ്രഹാം പ്രചാരണരംഗത്ത് സജീവമായി. മാതാപിതാക്കളുടെ അനുഗ്രഹാശീർവാദത്തോടേയാണ് ഇന്നലെ എൽദോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംകുറിച്ചത്. തുടർന്ന് ജന്മനാടായ തൃക്കളത്തൂരിൽ മുതിർന്നവരുടേയും ബന്ധുക്കളുടേയും , സുഹൃത്തുക്കളുടേയയും എല്ലാം വീടുകളിൽ സന്ദർശനം നടത്തി. വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. മൂവാറ്റുപുഴയിലെ വിവിധ തൊഴിൽ ശാലകളിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ജീവിതത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളേയും എൽ.ഡി.എഫ് നേതാക്കളേയും ഫോണിലും നേരിട്ടും സഹായം അഭ്യർത്ഥിച്ച് വരുകയാണ്. രണ്ടാം അങ്കത്തിന് മൂവാറ്റുപുഴയിൽ മത്സരത്തിനൊരുങ്ങുമ്പോൾ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ജനകീയ അടിത്തറയും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് എൽദോഎബ്രഹാം പറഞ്ഞു.
പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരത്തിൽ റോഡ് ഷോയും നടത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് നിന്ന് തുടങ്ങിയ റോഡ് ഷോയിൽ വനിതകൾ ഉൾപ്പെടെ എൽ.ഡി.എഫ് പ്രവർത്തകർ അണിനിരന്നു. പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്റു പാർക്ക് ചുറ്റി ചാലിക്കടവ് ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് ചേർന്ന യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഇസ്മയിൽ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ അരുൺ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ ബാബു പോൾ, എം.ആർ പ്രഭാകരൻ, ടി.എം ഹാരീസ്, അഡ്വ.ഷൈൻ ജേക്കബ് തു ടങ്ങിയവർ നേതൃത്വം നൽകി.