
കൊച്ചി: യു.ഡി.എഫിന്റെ മൈതാനം. എൽ.ഡി.എഫിന് ജീവൻ മരണപ്പോരാട്ടം. എറണാകുളത്ത് ഇടത് ടീം ഇക്കുറി ചുവന്ന ജേഴ്സിൽ കളത്തിലിറങ്ങുന്നത് രണ്ട് കായികതാര പ്രതിഭകളെ. പി.വി ശ്രീനിജിനും ഡോ.ജെ. ജേക്കബും.
രണ്ടാളും ജില്ലയുടെ സ്പോർട്സ് കൗൺസിലിന്റെ അമരക്കാരാണ്. കൗൺസിലിന്റെ പ്രസിഡന്റാണ് കുന്നത്തുനാട്ടിൽ പോരിനിറങ്ങുന്ന ശ്രീനിജിൻ. തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ ട്രംകാർഡായ ഡോ.ജെ. ജേക്കബാണ് വൈസ് പ്രസിഡന്റ്. കോൺഗ്രസ് ക്ലബ്ബിലെ താരമായിരുന്നു ശ്രീനിജിൻ. പടലപ്പിണക്കം മൂലം 2016 ടീം വിട്ടു. പിന്നീട് സി.പി.എം കാമ്പിനൊപ്പമായി. 2018ൽ ടീമിൽ ഇടം നേടി. കേരള സബ് ജൂനിയർ, ജൂനിയർ ഫുട്ബാൾടീമിനായി കളിച്ചിട്ടുണ്ട്. കോളേജിൽ എത്തിയതോടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. പതിയെ ഫുട്ബാളിൽ നിന്നകന്നു. കഴിഞ്ഞ തവണ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാസ് നൽകി പിണറായി വിജയനെക്കൊണ്ട് ഗോളടിപ്പിക്കുകയാണ് ലക്ഷ്യം. പ്രൊഫഷണൽ ഫുട്ബാൾ താരത്തെ പോലെ ശ്രീനിജിൻ പറഞ്ഞു.
വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനാണ് ഡോ.ജെ. ജേക്കബ്. പഞ്ചഗുസ്തിയിലും തിളങ്ങിയിട്ടുണ്ട്. ഡോക്ടർ എൽ.ഡി.എഫ് ടീമംഗമായത് യു.ഡി.എഫ് കാമ്പിനെ പോലും ഞെട്ടിച്ചു. എന്തിന് സഹപ്രവർത്തകൻ കൂടിയായ ശ്രീനിജിൻ പോലും ഞെട്ടി. വിവരമറിഞ്ഞ് വിളിച്ചെങ്കിലും താനും അങ്ങനെ കേട്ടുവെന്നായിരുന്നു ഡോക്ടറെ മറുപടിയെന്ന് ശ്രീനിജൻ ചിരിച്ചുകൊണ്ട് പറഞ്ഞു.