കൊച്ചി: കേരള നിയമസഭാ ചീഫ് മാർഷൽ പദവിയിൽനിന്ന് വിരമിച്ച മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബാൾ താരം പി.പി. തോബിയാസിന് കളിക്കൂട്ടുകാർ ഇന്ന് സ്വീകരണം ഒരുക്കുന്നു. തോബിയാസ് ഫുട്‌ബാൾ കളി ആരംഭിച്ച പോഞ്ഞിക്കരയിലെ ബോൾഗാട്ടി ഫുട്‌ബാൾ ക്ലബ്ബിലെയും ഇന്ത്യയിലെ മികച്ച മദ്ധ്യനിര കളിക്കാരനായി ശോഭിച്ച കേരള പൊലീസ് ടീമിലെയും ചങ്ങാതിമാർ തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചാണ് സ്വീകരണം. വൈകിട്ട് 4 ന് എറണാകുളം ഡോ. അംബേദ്ക്കർ സ്റ്റേഡിയത്തിലാണ് മത്സരം. ഐ.എം. വിജയൻ, സി.വി.പാപ്പച്ചൻ, യു. ഷറഫലി എന്നിവർ ഉൾപ്പെടെ പ്രഗത്ഭരായ മുൻകാല കളിക്കാർ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിനു മുൻപായി നടക്കുന്ന സ്വീകരണ യോഗത്തിൽ ഫുട്‌ബാൾ കോച്ച് റൂഫസ് ഡിസൂസ അദ്ധ്യക്ഷനാകും.
ബോൾഗാട്ടി ഫുട്‌ബാൾ ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജോലിയിൽനിന്ന് വിരമിച്ചശേഷം ബോൾഗാട്ടി ഫുട്‌ബാൾ ക്ലബ്ബുമായി സഹകരിച്ച് ഫുട്‌ബോൾ പരിശീലനം ആരംഭിക്കാനാണ് തോബിയാസിന്റെ ലക്ഷ്യം.
1982 83 ൽ ബാങ്കോക്കിൽ ഇന്ത്യൻ യൂത്ത് ടീമിന്റെ നായകനെന്ന നിലയിലാണ് തോബിയാസ് ശ്രദ്ധേയനായത്. 1992 ൽ കൊളംബോ സാഫ് ഗെയിംസിൽ ഇന്ത്യൻ ടീമംഗമായിരുന്നു. 1984 മുതൽ എട്ട് തവണ കേരള സംസ്ഥാന ടീമംഗം. 1992 ൽ കോയമ്പത്തൂരിലും 1993 ൽ എറണാകുളത്തും സന്തോഷ് ട്രോഫി നേടിയ കേരള ടീമുകളിൽ അംഗമായിരുന്നു. 1984 മുതൽ ഒരു പതിറ്റാണ്ടുകാലം ഫുട്‌ബാൾ കളിയുടെ കരുത്തിന്റെ പ്രതീകമായിരുന്ന കേരള പൊലീസ് ടീമംഗമായിരുന്നു.