
കൊച്ചി: ജില്ലയിലെ നിയോജക മണ്ഡല പരിധികളിലായി അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, കൊടിതോരണങ്ങൾ ഉൾപ്പെടെ 7628 പ്രചാരണ സാമഗ്രികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകൾ നീക്കം ചെയ്തു. പരമ്പരാഗത മാദ്ധ്യമങ്ങളിലൂടെയും നവമാദ്ധ്യമങ്ങളിലൂടെയുമുള്ള അനധികൃത പ്രചാരണങ്ങൾ നിരീക്ഷിക്കാൻ ജില്ലാതല മീഡിയ മോണിറ്ററിംഗ് സമിതിയും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് നേരിട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങൾ അറിയിക്കാനുള്ള സി വിജിൽ മൊബൈൽ ആപ്പിലൂടെ ജില്ലയിൽ ഇതുവരെ 686 പരാതികൾ ലഭിച്ചു. 100 മണിക്കൂറിനുളളിൽ ആപ്പിലൂടെ ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കും.
കളംപിടിക്കാൻ കസ്റ്റംസും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളപ്പണ വിനിയോഗം തടയാൻ കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ നിർദേശപ്രകാരം അഡീഷണൽ കമ്മീഷണർ രാജേശ്വരി ആർ. നായർ, ഡെപ്യൂട്ടി കമ്മീഷണർ നിഥിൻലാൽ എന്നിവരുടെ നേതൃത്വത്തിൽ ഫ്ളയിംഗ് സ്‌ക്വാഡുകൾ പ്രവർത്തനം അരംഭിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണം, പാരിതോഷികം, മദ്യം, നിരോധിതവും നിയന്ത്റിതവുമായ സാധനങ്ങളുടെ കടത്ത് എന്നിവ സ്‌ക്വാഡുകൾ പരിശോധിക്കും. പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം. കൺട്രോൾ റൂം 0484 2666422, ഡെപ്യൂട്ടി കമ്മിഷണർ 8547875898. സൂപ്രണ്ട് ജനറൽ 9645090545.