
മുംബയ്: നടപ്പു സാമ്പത്തിക വർഷം ഇന്ത്യ വലിയ നേട്ടമുണ്ടാക്കുമെന്ന് ഫ്രഞ്ച് സാമ്പത്തിക ഗവേഷണ ഏജൻസി ഒ.സി.ഇ.ഡി. ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പാദനം) 12.6% എന്ന തോതിൽ കുതിച്ചുയരുമെന്നാണ് പ്രവചനം. ലോകത്തെ ഏറ്റവും വളർച്ചാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഒ.സി.ഇ.ഡിയുടെ (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ മാന്ദ്യതയിൽ നിൽക്കുമ്പോൾ ജി 20 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാകും ഇന്ത്യയുടേത്.
കൗതുകകരമായ കാര്യം ഇന്ത്യയുടെ വളർച്ചാ നിരക്ക് നടപ്പു സാമ്പത്തിക വർഷം 7.9% ആയും വരുന്ന സാമ്പത്തിക വർഷം 7.4% ആയും താഴുമെന്ന് ഒ.സി.ഇ.ഡി. തന്നെ കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നതാണ്.
ശക്തമായ സാമ്പത്തിക നടപടികളും നിയന്ത്രണങ്ങളുമാണ് ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളെ കൊവിഡാനന്തര പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോള സാമ്പത്തിക വളർച്ചാ നിരക്കും വരും സാമ്പത്തിക വർഷം കുറയുമെന്നായിരുന്നു ഇവർ വിലയിരുത്തിയത്. അതും .3 പോയിന്റ് ഉയർന്ന് 4% എത്തുമെന്നാണ് ഇപ്പോഴത്തെ സൂചന.
ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉത്പാദന ശേഷിയും തിരിച്ചുവരവിനും ആത്മവിശ്വാസം ഉയർത്താനും സഹായകരമായെന്നും റിപ്പോർട്ട് പറയുന്നു.