nomination-

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്നു മുതൽ 14 നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾക്കും സഹവരണാധികാരികൾക്കും മുമ്പാകെ നാമനിർദ്ദേശപത്രികകൾ സമർപ്പിക്കാം.

ഓൺലൈനായി നാമനിർദ്ദേശ പത്രിക തയ്യാറാക്കുന്നതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോർട്ടലിൽ ലഭ്യമാക്കി. ഓൺലൈനായി തയ്യാറാക്കിയ നാമനിർദ്ദേശ പത്രികയുടെ പ്രിന്റ് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുൻപാകെ സമർപ്പിക്കണം. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ പത്രിക സമർപ്പിക്കാം.

 ട്വന്റി 20ക്ക് 3 സ്ഥാനാർത്ഥികൾകൂടി

കൊച്ചി: മൂന്നു മണ്ഡലങ്ങളിൽ കൂടി കിഴക്കമ്പലം ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ ടെറി തോമസ് എടത്തൊട്ടി, കൊച്ചിയിൽ ഷൈനി ആന്റണി, എറണാകുളത്ത് ലസ്‌ലി പള്ളത്ത് എന്നിവരാണ് സ്ഥാനാർത്ഥികൾ. കാക്കനാട് സ്വദേശിയും ലിസി ആശുപത്രിയിൽ ഓർത്തോഡെന്റിസ്റ്റുമാണ് ടെറി തോമസ്. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സെന്റ് ആൽബർട്സ് ഇൻസ്റ്റിറ്റ്യൂഷൻസ് ഒഫ് ഹയർ എഡ്യൂക്കേഷൻ ഡയറക്‌ടറാണ് ലസ്‌ലി പള്ളത്ത്. കോളേജ് അദ്ധ്യാപകനുമായിരുന്നു. ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് സയൻസിൽ ബിരുദധാരിയായ ഷൈനി ആന്റണി ഫോർട്ടുകൊച്ചി സ്വദേശിനിയാണ്.