പറവൂർ: മൂന്നര കിലോ കഞ്ചാവുമായി വരാപ്പുഴ തിരുമുപ്പം പാലകപ്പറമ്പ് അനീഷ് (കടുംവെട്ട്-23), ഭഗവതിപറമ്പ് കൃഷ്ണകുമാർ (ഗുണ്ട്- 26) എന്നിവരെ എക്സൈസ് പിടികൂടി. പറവൂർ, വരാപ്പുഴ മേഖലകളിലെ യുവാക്കൾക്കും, സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കും ലഹരിവസ്തുക്കൾ എത്തിച്ച് നൽകുന്ന ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവർക്ക് ഇതര സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവുമായി ബൈക്കിൽ പോകുന്നതിനിടെ എക്സൈസ് വാഹനം കണ്ട ഇരുവരും വണ്ടി സമീപത്തെ പറമ്പിലേക്ക് ഓടിച്ചുകയറ്റി. പിന്നീട് വരാപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിന് സമീപത്തുവച്ച് ഇവരെ പിടിക്കൂടി. സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവന്റീവ് ഓഫിസർ സി.എസ്. ഹനീഷ്, സി.ഇ.ഒമാരായ ബിനു മാനുവൽ, ഒ.എസ്. ജഗദീഷ്, സിനി ഷാബു, എൻ.കെ.സാബു, എം.ടി. ശ്രീജിത്ത്, രാജി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.