കൊച്ചി : കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തന പുരോഗതി റിപ്പോർട്ട് രണ്ടാഴ്‌ചയിലൊരിക്കൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങൾ ഉയർന്നെന്നും ചിലതിൽ അന്വേഷണം തുടങ്ങിയത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സർക്കാർ ഇന്നലെ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്നാണ് പദ്ധതിയുടെ പ്രവർത്തന പുരോഗതി കോടതി നേരിട്ട് നിരീക്ഷിക്കാൻ തീരുമാനിച്ചത്. മഴക്കാലം അടുത്തുവരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ആരോപണങ്ങളുടെ പേരിൽ പ്രവർത്തനങ്ങൾ നിലച്ചു പോകുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ നേതൃത്വം വഹിക്കുന്ന മൈനർ ഇറിഗേഷൻ പദ്ധതിയുടെ സൂപ്രണ്ടിംഗ് എൻജിനീയറാണ് രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തന പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഗൗരവമുള്ളതും ജനതാല്പര്യമുള്ളതുമായ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ ഉയരുന്ന അനാവശ്യ ആരോപണങ്ങളെ ഇതിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്നും ഹൈക്കോടതി വിലയിരുത്തി. മുല്ലശേരി കനാലും അറ്റ്ലാന്റിസ് മുതൽ വടുതല വരെയുള്ള 12 ലിങ്ക് കനാലുകളും പൂർവസ്ഥിതിയിലാക്കുന്നതിനൊപ്പം കരീത്തോട്, പുഞ്ചക്കായൽ എന്നിവ നവീകരിക്കുന്ന ജോലികളുമാണ് ഒാപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസയുൾപ്പെടെ നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. ഹർജി മാർച്ച് 25 ന് വീണ്ടും പരിഗണിക്കും.
വെള്ളക്കെട്ട് : നഗരസഭ റിപ്പോർട്ട് നൽകണം.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാലുൾപ്പെടെയുള്ളവയുടെ നവീകരണത്തിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ നഗരസഭ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നഗരത്തിലെ മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുടെ നവീകരണത്തിന് സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും വെള്ളക്കെട്ടിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇതു സഹായിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി കഴിഞ്ഞ വർഷം നൽകിയ ഉത്തരവുകളെല്ലാം ഇക്കൊല്ലവും പാലിക്കണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഇത്തവണ കനത്ത മഴക്കാലമാണ് നേരിടേണ്ടി വരികയെന്ന് സൂചനയുണ്ട്. ശക്തമായ മൺസൂണിനെ നേരിടാൻ നാം തയ്യാറെടുക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ഒാർമ്മപ്പെടുത്തി.