പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമമുള്ള രാജീവ് ഗാന്ധി കോളനി, കടുവെള്ളച്ചാൽ, കാഞ്ഞിരക്കോട്ട് കോളനി, അകനാട് കുന്നുംപുറം, കണ്ണൻ ചേരിമുകൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരുമ്പാവൂർ വാട്ടർ അതോറിട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർക്ക് പരാതി നൽകി. മയൂരപുരം, ചൂരമുടി, മുടക്കുഴ പമ്പുഹൗസ് എന്നിവിടങ്ങളിൽ നിന്നാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. എന്നാൽ വേനൽക്കാലമായതിനാൽ വെള്ളം അടിക്കുന്നതിന്റെ സമയപരിധി വർദ്ധിപ്പിക്കുവാൻ പമ്പ് ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണികളും കേടായ വാൽവുകളുടെ മെയിന്റനൻസും നടത്തിയാൽ മാത്രമാണ് എല്ലാ വീടുകളിലേക്കും വെള്ളം എത്തുകയുള്ളൂ. ഈ കാര്യങ്ങളെല്ലാം ഉടൻ ചെയ്യാമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ ഉറപ്പ് നൽകി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ജെ. മാത്യു, ജോസ്.എ.പോൾ, വൽസ വേലായുധൻ, അംഗങ്ങളായ അനാമിക ശിവൻ, ഡോളി ബാബു, രജിത ജയ്മോൻ, പോൾ കെ.പോൾ എന്നിവർ പങ്കെടുത്തു.