തോപ്പുംപടി: ആയിരങ്ങളുടെ ഉപജീവന മാർഗമായ കൊച്ചി ഫിഷറീസ് ഹാർബർ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത്. 140 കോടി രൂപാ ചിലവിൽ ഹാർബർ നവീകരിക്കാനുള്ള ശ്രമത്തിന് പിന്നാലെയാണിത്. ഹാർബറിലെ പുറംവരുമാനം പിരിച്ചെടുക്കാനുള്ള ടെൻഡർ നിലവിൽ കൊച്ചിൻ പോർട്ടിന്റെ അധീനതയിലാണ്. പ്രവേശന ഫീസ്, വാഹന ടോൾ, ബോട്ടോൾ എന്നിവയാണ് പുറം വരുമാനത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. നിലവിൽ ഇതെല്ലാം കൊച്ചിൻ പോർട്ടാണ് നേരിട്ട് വാങ്ങുന്നത്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഹാർബർ സ്വകാര്യ വ്യക്തികളുടെ കൈകളിലായി മാറുന്ന സ്ഥിതിയാകും. ഇതാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ മൽസ്യം കയറ്റുമതി ചെയ്യുന്ന ഹാർബറാണ് കൊച്ചി. കേന്ദ്രസർക്കാർ ഇതിൽ നിന്നും പിൻമാറിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് യൂണിയൻ ഭാരവാഹികളായ എം.എം.നൗഷാദ്, സിബിപുന്നൂസ് എന്നിവർ അറിയിച്ചു.