brama
മേയറുടെ നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം പ്ളാന്റ് സന്ദർശിക്കുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പ്ലാന്റ് സന്ദർശനത്തിനിടയിലാണ് മേയർ ഇക്കാര്യം അറിയിച്ചത്. സ്റ്റിയറിംഗ് കമ്മിറ്റിയിലെ ചർച്ചയ്ക്കുശേഷം കൊച്ചിയെ ശുചിത്വ നഗരമാക്കുന്ന ഹീൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തേണ്ടിവരുമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. മാലിന്യത്തിലെ പ്ലാസ്റ്റിക് നീക്കി ബാക്കി കുഴിച്ചുമൂടുകയാണ് (കാപ്പിംഗ്) ലക്ഷ്യം. ഇതിന് ടെൻഡർ സ്വീകരിച്ച കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്‌.ഐ.ഡി.സി) 54 കോടി രൂപയുടെ ബയോമൈനിംഗ് ടെൻഡറാണ് അംഗീകരിച്ചിരിക്കുന്നത്. പ്രതിസന്ധികൾക്കിടയിൽ ഇത്രയും സാമ്പത്തിക ഭാരം താങ്ങാൻ കോർപ്പറേഷനാവില്ലെന്നും സർക്കാർ സഹായം ആവശ്യമായി വരുമെന്നും മേയർ എം .അനിൽകുമാർ പറഞ്ഞു. കെ.എസ്‌.ഐ.ഡി.സിയിൽ നിന്ന് ബയോ മൈനിംഗ് വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കോർപ്പറേഷന്റെ ഹെൽത്ത്കമ്മിറ്റിയും കൗൺസിലും ചേർന്ന് ഇതുസംബന്ധിച്ച തീരുമാനമെടുക്കും.

ഡെപ്യൂട്ടി മേയർ കെ .എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി .കെ. അഷ്‌റഫ്, വി .എ. ശ്രീജിത്ത്, പി .ആർ. റെനീഷ്, ഷീബ ലാൽ, സുനിത ഡിക്‌സൺ എന്നിവരും ഉദ്യോഗസ്ഥരും മേയർക്കൊപ്പമുണ്ടായിരുന്നു.

 പ്ളാന്റ് പുനർനിർമ്മിക്കണം

വേർതിരിക്കാത്ത മാലിന്യമാണ് ബ്രഹ്മപുരത്ത് കുന്നുകൂടി കിടക്കുന്നത്. ഇത് മീഥേൻ വാതകത്തിന്റെ ഉത്പ്പാദനത്തിലേക്കും തീപിടുത്തത്തത്തിലേക്കും നയിക്കും. തീപടർന്നാൽ നിയന്ത്രിക്കാനാവാത്ത സാഹചര്യമാണ് ബ്രഹ്മപുരം പ്ലാന്റിനുള്ളത്. ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ് പ്ലാന്റ്. കുറച്ച് ഭാഗത്ത് മാത്രം മാലിന്യ സംസ്‌കരണം നടക്കുന്നുണ്ട്. പ്ലാന്റ് പുനർനിർമ്മിക്കേണ്ടി വരും. ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് നിരവധി പെട്രോളീയം കമ്പനികൾ നഗരസഭയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും കൗൺസിലിൽ ചർച്ച ചെയ്യും.

 എട്ടുവർഷത്തെ പഴക്കം

2013ൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചുമൂടിയിരുന്നു. അതിനുശേഷമുള്ള പ്ളാസ്റ്റിക് മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. പ്രളയസമയത്ത് നിക്ഷേപിച്ച മാലിന്യം സംസ്ഥാനസർക്കാർ ഇടപെട്ട് ക്യാപ്പിംഗ് നടത്തി. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കണമെന്നും ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പായതിനാൽ തന്നെ നഗരസഭയ്ക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ പരിമിതിയുണ്ട്.

''ബ്രഹ്മപുരം പ്ലാന്റിലെ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ മാത്രം പ്രത്യേക കൗൺസിൽ ചേരും. രണ്ട് വർഷം കൊണ്ട് ബ്രഹ്മപുരത്തെ യുദ്ധസമാനമായ അന്തരീക്ഷം ഒഴിവാക്കാനാകും - എം .അനിൽകുമാർ, മേയർ .