left-

കൊച്ചി: ജില്ലയിലെ 14 ൽ 12 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൽ.ഡി.എഫ് പ്രചാരണത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ്., എൻ.ഡി.എ സ്ഥാനാർത്ഥികളെ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും.

കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച പിറവം, സി.പി.ഐയുടെ പറവൂർ എന്നിവ ഒഴികെ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചതോടെ പ്രചാരണവും ആരംഭിച്ചു. സിറ്റിംഗ് എം.എൽ.എമാരായ എം. സ്വരാജ്, കെ.ജെ. മാക്സി, ആന്റണി ജോൺ എന്നിവരുടെ ഉൾപ്പെടെ ഒൻപത് സ്ഥാനാത്ഥികളെയാണ് സി.പി.എം ഇന്നലെ പ്രഖ്യാപിച്ചത്.

സിറ്റിംഗ് എം.എൽ.എമാർ അനൗപചാരികമായി ഏതാനും ദിവസങ്ങളായി പ്രചരണരംഗത്തുണ്ട്. മണ്ഡലത്തിലെ ബന്ധങ്ങൾ പുതുക്കുന്നതിനും പ്രചാരണത്തിന് ഘടകക്ഷികളെ ഏകോപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നത്. ഇന്നലെ ഒൗപചാരിക പ്രഖ്യാപനം വന്നതോടെ മുഴുവൻ പേരും രംഗത്തിറങ്ങി. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും മത, സാമുദായിക നേതാക്കളെയും കണ്ട് പിന്തുണയും അനുഗ്രഹവും തേടുന്നതിനാണ് മുഴുവൻ പേരും ശ്രദ്ധിച്ചത്. മത്സരിക്കുന്ന മണ്ഡലങ്ങൾക്ക് പുറത്ത് താമസിക്കുന്നവരും കളത്തിലിറങ്ങി.

എൽ.ഡി.എഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ സ്ഥാനാർത്ഥികൾ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചകളിലും പങ്കെടുത്തു. ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനും സമയം കണ്ടെത്തിയതായി സ്ഥാനാർത്ഥികൾ പറഞ്ഞു. ഇന്നു മുതൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കും. പത്രികാസമർപ്പണത്തിനുള്ള നടപടികളും സ്ഥാനാർത്ഥികൾ ആരംഭിച്ചു.

 യു.ഡി.എഫ്., എൻ.ഡി.എ തീരുമാനം നീളുന്നു

യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. യു.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. ഇവർ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, വൈപ്പിൻ, കൊച്ചി സീറ്റുകളെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം അവസാനിക്കാത്തത്. കേന്ദ്ര നേതൃത്വവുമായി തുടരുന്ന ചർച്ചകൾക്ക് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിലും ചർച്ചകൾ അന്തിമഘട്ടത്തിലാണ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കകം സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ബി.ഡി.ജെ.എസ് ഉൾപ്പെടെ ഘടകകക്ഷികളുമായുള്ള ചർച്ചകളും അവസാനഘട്ടത്തിലാണ്. തീരുമാനമായാലുടൻ പ്രചാരണപരിപാടികൾ ആരംഭിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.