
ആലുവ: ഇന്ന് ചരിത്ര പ്രസിദ്ധമായ ആലുവ മഹാശിവരാത്രി. പതിവുപോലെ ഇക്കുറി ആയിരങ്ങൾ മണപ്പുറത്തേക്ക് ഒഴുകിയെത്തില്ല. മണപ്പുറത്ത് ആരും ഉറക്കമിളിച്ചിരിക്കാനും ഉണ്ടാകില്ല. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മണപ്പുറത്തെ വ്യാപാരമേളയും ഇക്കുറിയില്ല. ഇന്ന് പുലർച്ചെ മാസ്കും കൈയുറകളുമായി സാമൂഹ്യഅകലം പാലിച്ചായിരിക്കും വിശ്വാസികൾ ബലിതർപ്പണത്തിനായി എത്തുക.
പെരിയാറിന്റെ ഇരുകരകളിലും ബലിതർപ്പണ ചടങ്ങുകൾ നടക്കും. മണപ്പുറത്ത് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിലുമാണ് ബലിതർപ്പണം നടക്കുക. മണപ്പുറത്ത് ഇന്ന് പുലർച്ചെ നാലുമുതലും അദ്വൈതാശ്രമത്തിൽ അർദ്ധരാത്രിമുതലും തർപ്പണം ആരംഭിക്കും.
മണപ്പുറത്ത് അഞ്ച് ക്ലസ്റ്ററുകളിലായി ഒരേസമയം ആയിരംപേർക്ക് ബലിയിടാം. മൊബൈൽ ആപ്പായ അപ്നാ ക്യൂവിൽ രജിസ്റ്റർ ചെയ്തവരെയാണ് ബലിയിടാൻ അനുവദിക്കുക. തുടർന്ന് ക്ഷേത്രദർശനവും അനുവദിക്കും. പെരിയാറിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. ഇന്ന് അർദ്ധരാത്രി മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശം, എഴുന്നള്ളത്ത് എന്നിവ നടക്കും.
അദ്വൈതാശ്രമത്തിൽ ഇന്ന് രാവിലെ അഞ്ചിന് ചടങ്ങുകൾ ആരംഭിക്കും. എട്ടിന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തും. ഉച്ചയ്ക്ക് 12.30ന് മഹാഗുരുപൂജ. വൈകിട്ട് അഞ്ചിന് 98 -ാമത് സർവമത സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും.