കൊച്ചി: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി സൈബർ വിദഗ്ദ്ധരുടെ സഹായംതേടാനൊരുങ്ങി പൊലീസ്. എറണാകുളത്തേയും തൃപ്പൂണിത്തുറയിലേയും രണ്ട് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ആറ് മാസത്തോളം ഇത് നീണ്ടു. ഇക്കാലയളവിൽ കൊച്ചിയിലേക്ക് വന്ന കോളുകൾ പരിശോധിക്കുകയും ഇവരുടെ തട്ടിപ്പുരീതി വിശദമായി മനസിലാക്കുന്നതിനുമാണ് വിദഗ്ദ്ധരുടെ സഹായം തേടുന്നത്.

അതേസമയം കേസിൽ അറസ്റ്റിലായ മുഖ്യപ്രതി തൊടുപുഴ സ്വദേശി റസൽ മുഹമ്മദിനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് രണ്ട് ഫ്ലാറ്റുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

കോൾ ക്രോഡീകരിക്കും
ആറ് മാസത്തിനിടെ കൊച്ചിയിലേക്ക് വന്ന ഫോൺകോൾ വിവരങ്ങൾ പൊലീസ് ക്രോഡീകരിക്കും. ഏതെല്ലാം രാജ്യങ്ങളിൽനിന്നാണ് കോളുകൾ വന്നതെന്ന് പരിശോധിക്കാനാണിത്. ഈ രാജ്യങ്ങളിലെ ഏജന്റുമാരെ കണ്ടെത്താനും ഇത് ഉപകരിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എത്രരൂപയാണ് ഉപയോക്താക്കളിൽനിന്ന് സംഘം ഈടാക്കിയിരുന്നതെന്നും തട്ടിപ്പിലൂടെ സമ്പാദിച്ച പണം എന്തുചെയ്തെന്നും കണ്ടെത്താനാണ് ശ്രമം.

വിലക്കിയ രാജ്യങ്ങൾ

വാട്ട്‌സ്ആപ്പ് കോളുകൾക്ക് വിലക്കുള്ള രാജ്യങ്ങളിൽനിന്നാണ് ഫോൺകോളുകൾ അധികവും വന്നതെന്നാണ് വിവരം. ഈ രാജ്യങ്ങളിലെ ഏജന്റുമാരുടെ ഇടപാട് പരിശോധിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏജന്റിന് പണം കൊടുക്കുമ്പോൾ ഇവർ കുറഞ്ഞനിരക്കിൽ ഇന്ത്യയിലേക്ക് ഫോൺകോളുകൾ ചെയ്യാനുള്ള സൗകര്യം ഏർപ്പാടാക്കും.