crime

മൂവാറ്റുപുഴ: സബൈൻ ഹോസ്‌പിറ്റൽ ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി ശാന്തൻപാറ വെള്ളക്കാംകുടി ബിനുമാത്യുവാണ് (കരാട്ടെ ബിനു - 42) പൊലീസ് അറസ്റ്റിലായത്. 2019 നവംബറിലായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: മാദ്ധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞെത്തിയ ബിനുമാത്യു ആശുപത്രിയെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കാനാണെന്ന വ്യാജേന ഡോക്ടറെ സമീപിക്കുകയായിരുന്നു. ചിത്രീകരണത്തിനുശേഷം ദൃശ്യങ്ങൾ അപകീർത്തികരമായി ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ചിത്രീകരണത്തിന്റെ പേരിൽ ഡോക്ടറിൽ നിന്ന് പതിനായിരം രൂപയും കൈക്കലാക്കി. ദൃശ്യങ്ങൾ മോശമായ രീതിയിൽ പ്രസിദ്ധപ്പെടുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. പലസ്ഥലങ്ങളിലും മാറി താമസിച്ച ബിനു മാത്യുവിനെ കർണാടകയിലെ കൂർഗിൽ നിന്നാണ് അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐ കെ.വി. ഹരിക്കുട്ടൻ, എ.എസ്.ഐമാരായ കെ.എൽ. ഷാന്റി, എ.എ രവിക്കുട്ടൻ, സി.പി.ഒ നിയാസ് ബീരാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.