
കൊച്ചി: സ്വർണക്കടത്ത് പ്രതി സന്ദീപ് നായരെ ഡോളർ കടത്ത് കേസിൽ ആറാം പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ കസ്റ്റംസ് റിപ്പോർട്ട് നൽകി. സന്ദീപിനെ അറസ്റ്റുചെയ്‌ത് ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതിയും തേടി.
യു.എ.ഇ കോൺസുലേറ്റിലെ മുൻ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി വിദേശത്തേക്ക് 1.30 കോടി രൂപയുടെ ഡോളർ കടത്തിയ കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ കസ്റ്റംസ് അറസ്റ്റുചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഇവരുടെ മൊഴിയിൽ നിന്നാണ് ഡോളർകടത്തിന്റെ വിവരം ലഭിച്ചത്.
യുണിടാക് കമ്പനി ഉടമ സന്തോഷ് ഇൗപ്പനെയും ചോദ്യം ചെയ്തിരുന്നു. കൂടുതൽ കരാറുകൾ ഭാവിയിൽ ലഭിക്കാനായി വൻതുക കമ്മിഷൻ നൽകിയെന്ന് സന്തോഷ് ഇൗപ്പൻ വെളിപ്പെടുത്തി. തുക ഡോളറാക്കിമാറ്റി വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും സ്വപ്ന, സരിത്ത് എന്നിവർക്കൊപ്പം സന്ദീപ് നായർക്കും ഇതിൽ പങ്കുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സന്ദീപ് നായർ കോഫെപോസ നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. പ്രതിചേർത്ത സാഹചര്യത്തിൽ കോടതി അനുമതിയോടെ ജയിലിലെത്തി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും.
ഇ.ഡിക്കെതിരെ നടപടിക്ക് നിയമോപദേശം തേടി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ നിർബന്ധിച്ചെന്ന വെളിപ്പെടുത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. സ്വപ്നയുടെ ശബ്ദരേഖ ചോർന്നത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ നടപടിയുടെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. നിയമോപദേശം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. നിയമോപദേശം തേടിയത് സംബന്ധിച്ച് ഡി.ജി.പിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.