ആലുവ: മഹാവ്യാധിക്കാലത്ത് സുരക്ഷിത യാത്രയൊരുക്കിയതിന് കൊച്ചി വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. വ്യോമയാന മേഖലയിലെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ 'വോയ്‌സ് ഒഫ് ദ കസ്റ്റമർ' പുരസ്‌ക്കാരത്തിനാണ് സിയാൽ അർഹമായത്.
കൊവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ സംവിധാനങ്ങൾ യാത്രക്കാർക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് മനസിലാക്കാൻ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എല്ലാ വിമാനത്താവളങ്ങളിലും പഠനം നടത്തിയിരുന്നു. യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനും സുരക്ഷിതത്വ ബോധം പകരാനും സിയാലിന്റെ നടപടികൾ ഉപകരിക്കപ്പെട്ടുവെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഡയറക്ടർജനറൽ ലൂയിസ് ഫെപില് ഡി ഒലിവെറ, പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പിൽ വ്യക്തമാക്കി.
പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ വിവിധ പദ്ധതികൾ പ്രയോജനം ചെയ്യുന്നതായി സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. യാത്രക്കാർക്ക് സുരക്ഷിതവും സുഗമമവുമായുള്ള യാത്രാനുഭവം നൽകാൻ സിയാൽ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് ' കുര്യൻ പറഞ്ഞു.
യാത്രക്കാരുടെ സംതൃപ്തി മാനദണ്ഡമാക്കി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നൽകുന്ന 'പാസഞ്ചർ സാറ്റിസ്‌ഫാക്ഷൻ അവാർഡിന്' 2018ലും 2019ലും സിയാൽ അർഹമായിരുന്നു. കൊവിഡ് കാലഘട്ടത്തിൽ ഒട്ടേറെ ആധുനിക സന്നാഹങ്ങൾ സിയാൽ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. ഓട്ടോമാറ്റിക് അണുനാശിനികളും അൾട്രാവയലറ്റ് ബാഗേജ് അണുവിമുക്ത യന്ത്രങ്ങളും ബോർഡിംഗ് പാസ് കിയോസ്‌ക്കുകളും സിയാൽ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. 2020ൽ 33.38 ലക്ഷം യാത്രക്കാരേയും 30737 വിമാനസർവീസുകളേയും സിയാൽ കൈകാര്യം ചെയ്തു. 48,424 മെട്രിക് ടൺ കാർഗോയും കടന്നുപോയി.