
മൂവാറ്റുപുഴ: കെട്ടിടനമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് അറസ്റ്റുചെയ്ത കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് അജിത്കുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. പ്രതിയെ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ 24 വരെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കുമളി ചെങ്കര കുരിശുമല പുതുവൽ വീട്ടിൽ വിജയകുമാറിന്റെ പരാതിയെത്തുടർന്ന് വിജിലൻസ് ഡിവൈ. എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.