shelnanishadh

കൊച്ചി: ആർക്കിടെക്‌ടിന്റെ തിരക്കിൽ നിന്നാണ് ഷെൽന നിഷാദ് ആലുവയിലെ തിരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങുന്നത്. കോൺഗ്രസുകാരനായ ഭർതൃപിതാവ് കെ. മുഹമ്മദലി കാൽനൂറ്റാണ്ട് പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഇടത് മുന്നണിക്കായാണ് 35 കാരിയായ ഷെൽനയുടെ കന്നിയങ്കം.

ബുധനാഴ്ച സ്ഥാനാർത്ഥിയായി പ്രഖ്യാപനം വന്നയുടൻ ഷെൽന പ്രചാരണം ആരംഭിച്ചു. പ്രമുഖരെയും നേതാക്കളെയും സന്ദർശിച്ച് പിന്തുണയും അനുഗ്രഹവും തേടി. തികഞ്ഞ പ്രതീക്ഷയിലാണെന്ന് ഷെൽന പറഞ്ഞു.

ദുബായിലായിരുന്നു ഷെൽനയുടെ സ്‌കൂൾ വിദ്യാഭ്യാസം. പിതാവ് എം.വി. ഹുസൈന് ദുബായിലായിരുന്നു ജോലി. പത്തും പ്ളസ് ടുവും തൃശൂരിലെ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ പഠിച്ചു. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് 2009ൽ ആർക്കിടെക്ടറിൽ ബിരുദം നേടി. കൊച്ചിയിൽ ജൂനിയർ ആർക്കിടെക്ടറായി തുടക്കം. രണ്ടു സ്ഥാപനങ്ങളിൽ ജോലിചെയ്‌തു.2011ൽ എസ്.എൻ ആർക്കിടെക്ട്സ് എന്ന സ്ഥാപനം ആരംഭിച്ചു. ഭവനസമുച്ചയങ്ങൾ, ഹോട്ടലുകൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ പദ്ധതികൾ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. ആർക്കിടെക്ട് പഠനകേന്ദ്രങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റി, മോട്ടിവേഷണൽ സ്‌പീക്കർ, നാറ്റ കോച്ചിംഗ് പരിശീലക തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് അംഗവും ഭാരവാഹിയുമായിരുന്നു. കൊച്ചി മെട്രോ സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് നിയോഗിച്ച സംഘത്തിൽ അംഗമായിരുന്നു. ആലുവ, പുളിഞ്ചോട്, അമ്പാട്ടുകാവ്, മുട്ടം, കുസാറ്റ്, ഇടപ്പള്ളി സ്റ്റേഷനുകളുടെ രൂപകല്പനയിൽ പങ്കുവഹിച്ചു. ഭർത്താവ് നിഷാദ് അലി പ്രോജക്ട് കൺസൾട്ടന്റാണ്. അങ്കൻസ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടറാണ് നിഷാദ് അലി. മകൻ അതിഫ് സ്കൂൾ വിദ്യാർത്ഥിയാണ്.