jail

 പരോളിലിറങ്ങിയ തടവുകാർ നാലാഴ്‌ചയ്‌ക്കകം ജയിലുകളിൽ തിരിച്ചെത്തണം

കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് കോടതികളുടെയും ട്രൈബ്യൂണലുകളുടെയും സ്റ്റേ ഉൾപ്പെടെയുള്ള ഇടക്കാല ഉത്തരവുകൾ നീട്ടിയും ബാങ്കുകളുടെ റിക്കവറി തടഞ്ഞും തടവുകാർക്ക് പരോൾ നൽകിയും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിച്ചു. ലോക്ക്ഡൗൺ ഇളവും ജനജീവിതം ഏറക്കുറെ സാധാരണ നിലയിലായതും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഫുൾബെഞ്ചിന്റെ വിധി.

ലോക്ക് ഡൗണിൽ പരോൾ ലഭിച്ച തടവുകാർ നാലാഴ്ചയ്ക്കകം ജയിലുകളിൽ തിരിച്ചെത്തണം.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാർച്ച് 24 നാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോടതികളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചതും ജനങ്ങൾക്ക് പുറത്തിറങ്ങാനാവാതെ വന്നതും വിലയിരുത്തിയാണ് ഹൈക്കോടതി വിഷയം സ്വമേധയാ ഹർജിയായി പരിഗണിച്ചത്. കോടതികളും ട്രൈബ്യൂണലുകളും അനുവദിച്ച സ്റ്റേ ഉൾപ്പെടെയുള്ള ഇടക്കാല ഉത്തരവുകൾ ഒരുമാസം നീട്ടിയ ഹൈക്കോടതി പിന്നീട് പലഘട്ടങ്ങളിലായി ഇത് നീട്ടിനൽകി.

വെള്ളം, വൈദ്യുതി, അബ്കാരി റിക്കവറി നിറുത്തിവച്ചതായി സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിനിടെ സുപ്രീംകോടതിയും മറ്റ് ഹൈക്കോടതികളും ഇതേ വിഷയങ്ങൾ സ്വമേധയാ ഹർജിയായി പരിഗണിച്ചു. ജയിലുകളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ തടവുകാരുടെ എണ്ണം പരിമിതപ്പെടുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന തടവുകാർക്കും വിചാരണത്തടവുകാർക്കും നിശ്ചിതകാലത്തേക്ക് പരോൾ നൽകി മോചിപ്പിച്ചു. പ്രതികളുടെ ജാമ്യവും മുൻകൂർ ജാമ്യവും ലോക്ക് ഡൗൺ കഴിയും വരെ നീട്ടി. ബാങ്കുകളുടെ റിക്കവറിയും തടഞ്ഞിരുന്നു. ഇൗ ഉത്തരവുകളാണ് പിൻവലിക്കുന്നത്. ബാങ്കുകൾ സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് തുടർനടപടി സ്വീകരിക്കണം.