sindhu-

കൊച്ചി: നിയമസഭയിലേയ്ക്ക് കന്നിയങ്കത്തിന് ജന്മനാട്ടിൽ തിരിച്ചെത്തുകയാണ് ഡോ. സിന്ധുമോൾ ജേക്കബ്. വിവാദത്തിന് ചെവിയോർക്കാതെ രണ്ടില ചിഹ്നത്തിൽ പിറവത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. സി.പി.എം സ്വതന്ത്രയിൽനിന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെയും തന്റെയും വിജയമാണ് ലക്ഷ്യം.

ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിന്ധുമോൾ ജേക്കബിന്റെ ജന്മനാട് പിറവം മണ്ഡലത്തിൽ ഉൾപ്പെട്ട പാലക്കുഴയാണ്. വിവാഹത്തോടെയാണ് ഉഴവൂരിൽ എത്തിയത്. ഉഴവൂർ ഗ്രാമപഞ്ചായത്തിൽ രണ്ടുതവണ അംഗമായ ശേഷമാണ് സി.പി.എം സ്വതന്ത്രയായി ബ്ളോക്ക് പഞ്ചായത്തിലേയ്ക്ക് വിജയിച്ചത്. സി.പി.എം അംഗമായ സിന്ധുമോൾ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെ പ്രാദേശിക നേതാക്കൾ എതിർത്തിരുന്നു. പുറത്താക്കിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

"ബ്രാഞ്ചു കമ്മിറ്റിയിലെ അംഗം മാത്രമാണ് ഞാൻ. സി.പി.എമ്മിന്റെ അംഗീകാരത്തോടെയാണ് മത്സരിക്കാൻ തീരുമാനിച്ചത്. പ്രാദേശികതലത്തിൽ ഏതാനും വ്യക്തികൾക്ക് മാത്രമാണ് വിയോജിപ്പുള്ളത്. സി.പി.എം സംസ്ഥാന നേതാക്കളുമായി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി സംസാരിച്ച് അനുമതി വാങ്ങിയ ശേഷമാണ് സീറ്റ് നൽകിയത്. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടി പരിഹരിക്കും." സിന്ധുമോൾ ജേക്കബ് കേരളകൗമുദിയോട് പറഞ്ഞു.

എൽ.ഡി.എഫിന് സംഘടനാതലത്തിൽ കെട്ടുറപ്പുള്ള മണ്ഡലമാണ് പിറവമെന്ന് അവർ പറഞ്ഞു. മുന്നണിയെന്ന നിലയിൽ എല്ലാവരും ഒറ്റക്കെട്ടായി പോകുന്ന സ്ഥലമാണ്. അഞ്ചു വർഷക്കാലത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണം ഇഷ്ടപ്പെടുന്നവർ തുടർഭരണം ആഗ്രഹിക്കുന്നവരുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പിറവം, കൂത്താട്ടുകുളം നഗരസഭകൾ ഉൾപ്പെടെ പിടിച്ചെടുത്തതും അനുകൂലഘടകമാണ്. മണ്ഡലത്തിലെ വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങൾ അനുകൂലഘകടമാണെന്നും സിന്ധുമോൾ പറഞ്ഞു.

 പ്രതിഷേധിച്ച് ജിൽസ് പെരിയപ്പുറം

സിന്ധുമോൾ ജേക്കബിന്റെയും ജോസ് കെ. മാണിയുടെയും തോൽവിക്കായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട ജിൽസ് പെരിയപ്പുറം പറഞ്ഞു. മാണി വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായ ജിൽസ് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. പിറവം നഗരസഭാ കൗൺസിലർ കൂടിയാണ് .

ബുധനാഴ്ച രാവിലെവരെ താനാണ് സ്ഥാനാർത്ഥിയെന്നാണ് ജോസ് കെ. മാണി പറഞ്ഞിരുന്നത്. ഉച്ചയോടെ തീരുമാനം മാറ്റിയത് സീറ്റുകച്ചവടമാണ്. ജോസ് വിഭാഗവുമായി ഇനി സഹകരിക്കില്ല. കിഴക്കമ്പലം ട്വന്റി 20, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയവയുടെ നേതാക്കൾ ബന്ധപ്പെട്ടിരുന്നു. തത്കാലം ആർക്കുമൊപ്പം ചേരില്ലെന്ന് അദ്ദേഹം പറഞ്ഞു.