
കൊച്ചി: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ പ്രതിദിനം 5000 ഭക്തർ ബുക്ക് ചെയ്യുന്നുണ്ടെങ്കിലും പകുതിപ്പേർപോലും എത്തുന്നില്ലെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്.
ഇതിനുപിന്നിൽ എന്തെങ്കിലും തട്ടിപ്പുണ്ടോയെന്ന് പരിശോധിച്ച് സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി. ഏതെങ്കിലും ഏജൻസിക്ക് കൂട്ടത്തോടെ ബുക്കിംഗ് നടത്താനാവുമോയെന്നും പരിശോധിക്കണം. വിഷയം ഇന്ന് കോടതി വീണ്ടും പരിഗണിക്കും.
വരുമെന്ന് ഉറപ്പില്ലാത്തവർ ബുക്കു ചെയ്യുന്നതിനാൽ, യഥാർത്ഥത്തിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് അവസരം കിട്ടുന്നില്ല. അതിനാൽ വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്ന് സ്പെഷ്യൽ കമ്മിഷണർ എം. മനോജിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
കുംഭമാസപൂജയ്ക്ക് നട തുറന്ന ഫെബ്രുവരി 13 മുതൽ 17 വരെ 25,000 ഭക്തർ ബുക്ക് ചെയ്തിരുന്നെങ്കിലും 10,049പേർ മാത്രമാണ് എത്തിയത്. മണ്ഡല,മകരവിളക്ക് സീസണിൽ കൊവിഡിനെത്തുടർന്ന് പ്രതിദിനം 1000 പേർക്ക് ദർശനം നടത്താനാണ് സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് 5000 ഭക്തർക്ക് പ്രതിദിനം ദർശനം നടത്താൻ അനുമതി ലഭിച്ചത്. കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നു സ്ഥിരീകരിച്ച ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്.
ദർശനം നടത്തിയവർ
(ഫെബ്രുവരി 13-17)
13 - 2557
14 - 2165
15 - 1893
16 - 1850
17 - 1584
ശബരിമല നട14 ന് തുറക്കും, ഉത്സവ കൊടിയേറ്റ് 19 ന്
തിരുവനന്തപുരം: മീനമാസ പൂജകൾക്കായി ശബരിമലനട 14 ന് വൈകിട്ട് 5 ന് തുറക്കും.15 മുതൽ ഭക്തരെ ദർശനത്തിനായി കടത്തിവിടും. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഇക്കുറിയും പ്രവേശനമുണ്ടാകൂ. 19ന് രാവിലെ 7.15നും 8നും മദ്ധ്യേ ഉത്രം മഹോത്സവത്തിന് കൊടിയേറും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 27ന് രാത്രി പളളിവേട്ട. 28ന് രാവിലെ ആറാട്ടെഴുന്നെള്ളിപ്പ്. ഉച്ചയ്ക്കുശേഷം പമ്പയിൽ ആറാട്ട് നടക്കും. രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ദർശനത്തിന് വരുന്നവർക്ക് ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകിട്ട് 5 ന് തുറക്കും.