vote-

ആലുവ: സ്ഥാനാർത്ഥി നിർണയത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം ഉള്ളിലൊതുക്കി ആലുവയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു. സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം മാറിയതോടെ സ്ഥാനാർത്ഥി ഷെൽന നിഷാദ് മണ്ഡലത്തിൽ പ്രവർത്തകർക്കൊപ്പം പ്രചരണം ആരംഭിച്ചു.

ആലുവയിൽ ഇടത് സ്ഥാനാർത്ഥിത്വം മോഹിച്ചിരുന്ന അര ഡസനിലേറെ പാർട്ടി നേതാക്കന്മാരെ പിന്തള്ളിയാണ് അപ്രതീക്ഷിതമായി ഷെൽന നിഷാദ് സ്ഥാനാർത്ഥിയായത്. ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശത്തിനെതിരെ നിരവധി പേർ സംസ്ഥാന കമ്മിറ്റിക്ക് പരാതി അയച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉള്ളിലൊതുക്കി പാർട്ടി നിർദ്ദേശം അംഗീകരിക്കാൻ നേതാക്കളും അണികളും തയ്യാറായത്. 26 വർഷത്തോളം ആലുവയിൽ എം.എൽ.എയായിരുന്ന കോൺഗ്രസ് നേതാവ് കെ. മുഹമ്മദാലിയുടെ മകൻ നിഷാദിന്റെ ഭാര്യയാണ് ഷെൽന. ഇതുവഴി കോൺഗ്രസ് വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. അതിനാൽ ഇക്കുറി തികഞ്ഞ വിജയപ്രതീക്ഷയാണ് എൽ.ഡി.എഫ് പക്ഷത്തിനുള്ളത്.


ആലുവയിൽ അൻവർ സാദത്തായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഉറപ്പാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തതിനാൽ പ്രചാരണം ആരംഭിച്ചിട്ടില്ല. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെ ചിഹ്നം വരച്ച് ചുമരെഴുത്ത് ഒരാഴ്ച്ച മുമ്പേ ആരംഭിച്ചിട്ടുണ്ട്.

 പ്രചാരണം കൂട്ടായി

കുഞ്ചട്ടുകര, ശാന്തിഗിരി ആശ്രമം, പാലഞ്ചേരി മുകളിലെ കന്യാസ്ത്രീ മഠം, കുഴിവേലിപ്പടി, തേവക്കൽ, മണലിമുക്ക് കോമ്പാറ, കൊടികുത്തുമല, കോളനിപ്പടി, ചൂണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഷെൽന നിഷാദ് വോട്ടഭ്യർത്ഥന നടത്തി. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, ജില്ല പഞ്ചായത്ത് അംഗം റൈജ അമീർ, ബ്ലോക്ക് അംഗങ്ങളായ സുധീർ മീന്തറക്കൽ, അസീസ് മൂലയിൽ, വാർഡ് അംഗങ്ങളായ അഫ്‌സൽ കുഞ്ഞുമോൻ, ഷിബു പള്ളികുടി, അജീഷ്, സുമയ്യ സത്താർ, എം.എ.നൗഷാദ്, എ.എസ്.കെ. സലിം, ലിജി, പി. മോഹൻ, കെ.വി. കുമാരൻ, ഇ.എൽ. ജോസ്, സലീം എടത്തല എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.