കോലഞ്ചേരി: ചൂടു കടുത്തു. ഉച്ചയായാൽ പുറത്തിറങ്ങാൻ കഴിയുന്നില്ല.ചൂടു കാരണം തൊഴിലാളികൾ പണി നേരത്തെ നിർത്തുന്നു.സൂര്യ താപത്തിനും സാദ്ധ്യത.പഞ്ചായത്തുകളിൽ നടപ്പാക്കിയ ചെറുകിട ജലസേചന പദ്ധതികളും തകരാറിലായി. പകർച്ച വ്യാധികളും പടരുന്നു.
പട്ടിമറ്റം പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങൾ മുടക്കി നവീകരിച്ച കുന്നത്തുനാട് പഞ്ചായത്ത് ആറാം വാർഡിലെ മുണ്ടേക്കുളം പദ്ധതികളുടെ പാളിച്ചകൾക്ക് ഉത്തമ ഉദാഹരണമാണ്. മോട്ടോറുകളും പമ്പിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുകയാണ്. സമീപത്തെ തോടിലൂടെ ഒഴുകി വരുന്ന മാലിന്യങ്ങൾ കുളത്തിൽ അടിഞ്ഞുകൂടിയതോടെ മാലിന്യം വർദ്ധിച്ചു. ശുദ്ധജലസമൃദ്ധമായിരുന്ന കുളമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. കൈതക്കാട്, ഡബിൾ പാലം, പൊത്താം കുഴിമല, മുബാറക് പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിച്ചിരുന്നത് ഈ കുളത്തിൽ നിന്നാണ്. പട്ടിമറ്റം ജംഗ്ഷനിലെ മാലിന്യമാണ് തോട്ടിലൂടെ ഒഴുകി വരുന്നതിൽ ഭൂരിഭാഗവും. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി നിരന്തരം തോട്ടിലേക്ക് മാലിന്യങ്ങൾ തള്ളുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചൂടു കൂടിയതോടെ വഴിയോരക്കടകളും നിറഞ്ഞു. കുലുക്കി സർബത്തും, നാടൻ മോരു കച്ചവടവും, കരിമ്പിൻ ജ്യൂസും, തണ്ണിമത്തനുമൊക്കയൊയി കടകൾ രോഗ വാഹകരായി കാത്തു നിൽക്കുന്നു. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തുറന്നിരിക്കുന്ന ഇത്തരം കടകളിൽ നിന്നും രോഗ വ്യാപനം എളുപ്പമാണ്. ശുദ്ധ ജല ലഭ്യത കുറഞ്ഞ പല ഇടങ്ങളിലും വെള്ളം പുറമെ എത്തിക്കുകയാണ്. കൂടാതെ വിലയ്ക്ക് വെള്ളമെത്തിക്കുന്ന സംഘങ്ങളും സജീവമായി.
കുടിവെള്ളത്തിൽ മായം
കുടിവെള്ളമെന്ന പേരിൽ പാറമടകളിൽ നിന്നു വരെ വെള്ളം ടാങ്കറിലെത്തിച്ച് വില്പനയാണ്. തിരുവാണിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നും ഇത്തരത്തിൽ വെള്ളം വിതരണം ചെയ്യുന്നുവെന്ന് പരാതിയുണ്ട്. കുന്നത്തുനാട് പഞ്ചായത്തിൽ കനാൽ വെള്ളം നേരിട്ട് ടാങ്കറിൽ നിറച്ചും കുടിവെള്ളമെന്ന പേരിൽ വില്പനയുണ്ട്.
പകർച്ച വ്യാധികൾ പടരുന്നു
കനത്ത ചൂടും വെള്ള ക്ഷാമവും പകർച്ച വ്യാധികൾ പിടിപെടാനും സാധ്യതയേറി. കുന്നത്തുനാടിന്റെ വിവിധ മേഖലകളിൽ ചിക്കൻ പോക്‌സ് പടരുന്നു. അണുബാധയിലൂടെ ഉണ്ടാകുന്ന ചിക്കൻപോക്‌സ് സാധാരണ വേനൽക്കാലത്താണ് പടരുന്നത്. വേഗം പടർന്നുപിടിക്കുന്ന രോഗമായതിനാൽ ഒരാൾക്ക് വന്നാൽ കുടുംബത്തിലെ
മറ്റുള്ളവർക്കും പകരാനുള്ള സാദ്ധ്യത കൂടുതലാണ്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോഴുള്ള രോഗ വ്യാപനത്തിന് കാരണം.