കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് കളമശേരിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടപ്പോഴും മുസ്ലീംലീഗ് സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിലും മുന്നണിയിലും കലഹം തുടരുന്നു. മുസ്ലീംലീഗിലെ ഇരുഗ്രൂപ്പുകളും പരസ്പരം പാരകളുമായി മുന്നോട്ട് പോകുമ്പോൾ കെ.എം. ഷാജിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി എറണാകുളത്തെ കോൺഗ്രസിലെ യുവതുർക്കികൾ രംഗത്തെത്തി.

 മണ്ഡലം നഷ്ടപ്പെടുത്തരുതെന്ന് യുവതുർക്കികൾ

ജില്ലയിൽ മുസ്ലീംലീഗ് പാർട്ടിയിലെ ഇബ്രാഹിം കുഞ്ഞ് - അഹമ്മദ് കബീർ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് നടത്തുന്ന ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് വിജയത്തിന് വിഘാതമാകുമെന്നാണ് യു.ഡി.എഫിലെ പൊതുവികാരം. ജില്ലയിലെ കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, ഹൈബി ഈഡൻ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കൾ മുസ്ലീം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. എറണാകുളം ജില്ലയിൽ നിന്ന് ആരെയും പരിഗണിക്കാതെ ജില്ലയ്ക്ക് പുറത്തുനിന്ന് നിശ്ചയിക്കുന്നതാകും നല്ലതെന്നും കെ.എം. ഷാജി നല്ല സ്ഥാനാർത്ഥിയാകുമെന്നും നേതാക്കൾ അറിയിച്ചതായാണ് വിവരം. ഇബ്രാഹിം കുഞ്ഞിന്റെ പൂർണസമ്മതത്തോടെ മാത്രമേ കളമശേരിയിലേക്കുള്ളുവെന്നാണ് ഷാജിയുടെ നിലപാട്. തനിക്കും മകനും സീറ്റ് ലഭിച്ചില്ലെങ്കിൽ തൊടുപുഴ സ്വദേശിയായ പാർട്ടി സംസ്ഥാന സെക്രട്ടറി ഇ.എം. സലീമിനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ഇബ്രാഹിം കുഞ്ഞിന്റെ നിർദ്ദേശം.