ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രി പുതുചരിത്രമെഴുതി കടന്നുപോയി. ആലുവ നഗരത്തിലും മണപ്പുറത്തുമൊന്നും ശിവരാത്രി നാളിലെ പതിവ് ആൾകൂട്ടമോ ബഹളമോ ഉണ്ടായില്ല. എവിടെയും സാധാരണ പോലെ ശാന്തമായിരുന്നു. പിതൃബലി തർപ്പണത്തിനായി ആയിരങ്ങൾ മണപ്പുറത്തേക്ക് ഒഴുകിയെത്തിയതുമില്ല. മണപ്പുറത്ത് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്യാപാരമേളയും ഇക്കുറിയില്ല.

കൊവിഡ് മഹാമാരി മാറ്റിമറിച്ച ശിവരാത്രി ആഘോഷവും ആചാരവുമെല്ലാം ഇക്കുറി വേറിട്ട ശൈലിയിലായിരുന്നു. പാലസ് റോഡിൽ അദ്വൈതാശ്രമത്തിന് സമീപവും കൊട്ടാരക്കടവിലും തുറന്നിട്ടുള്ള പൊരിക്കടകൾ മാത്രമാണ് ശിവരാത്രിയുടെ വരവറിയിക്കുന്നത്. സാധാരണ ശിവരാത്രി നാളിൽ ഉച്ചയോടെ നഗരം തിരക്കിലമരും. വാഹനഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ പ്രധാന റോഡുകളെല്ലാം കാൽനട യാത്രക്കാരരെക്കൊണ്ടുനിറയും. വൈകിട്ടോടെ നഗരവീഥികളിലെല്ലാം ജനസഞ്ചയമായിരിക്കും.

ഇക്കുറി ബലിതർപ്പണത്തിന് ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉപയോഗിച്ചത് അയ്യായിരത്തോളം പേർ മാത്രമാണ്. മണപ്പുറത്ത് 50 ബലിത്തറ നൽകാൻ തീരുമാനിച്ചെങ്കിലും ലേലത്തിൽ പോയത് 35 എണ്ണം മാത്രം. അദ്വൈതാശ്രമത്തിൽ ഇന്നലെ അർദ്ധരാത്രിമുതൽ തർപ്പണം ആരംഭിച്ചു. 200 പേർ വീതമുള്ള നാല് ബാച്ചുകളിലായി ഒരേസമയം 800 പേർക്ക് തർപ്പണത്തിന് സൗകര്യമുണ്ട്.